ഐഎസിന്റെ ട്വിറ്റര്‍ അക്കൗണ്ട്: മലയാളി ഫോളോവേഴ്‌സിനെ തേടി ഇന്റലിജന്‍സ്

തിരുവനന്തപുരം: ഇസ്ലാമിക് സ്റ്റേറ്റിന്റെ (ഐഎസ്) ട്വിറ്റര്‍ അക്കൗണ്ട് ഫോളോവേഴ്‌സില്‍ മലയാളികളുണ്ടെന്ന സംശയം ബലപ്പെട്ടതിനെ തുടര്‍ന്ന് സംസ്ഥാന ഇന്റലിജന്‍സും അന്വേഷണം ശക്തമാക്കി. അന്വേഷണത്തോട് സഹകരിക്കണമെന്ന് ട്വിറ്റര്‍ ഇന്ത്യയോട് ബംഗളുരു പൊലീസ് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ഐബിയും,സംസ്ഥാന ഇന്റലിജന്‍സും അന്വേഷണം ശക്തമാക്കിയത്.

നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടിലേക്ക് വന്ന വ്യാജ ബോംബ് ഭീഷണിക്ക് പിന്നില്‍ പൊലീസ് പിടിയിലായ മെഹ്ദി മസ്‌റൂറിന് പങ്കുണ്ടോ എന്നതിനെക്കുറിച്ചും സംസ്ഥാന ഇന്റലിജന്‍സ് അന്വേഷണം നടത്തുന്നുണ്ട്. മെഹ്ദി മസ്‌റൂര്‍ കൈകാര്യം ചെയ്തിരുന്ന ഐഎസ് ട്വിറ്ററില്‍ 17,000 ഫോളോവേഴ്‌സാണ് ഉള്ളത്. ഷാമി വിറ്റ്‌നസ് എന്ന പേരിലായിരുന്നു മസ്‌റൂറിന്റെ ട്വിറ്ററിലെ ആശയവിനിമയം. ഇവയില്‍ അധികവും അറബിക് വരികള്‍ വിവര്‍ത്തനം ചെയ്തതാണെന്ന് ഇതിനകം തന്നെ അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിട്ടുണ്ട്.

ജിഹാദ് സന്ദേശങ്ങള്‍ പ്രചരിപ്പിച്ചെങ്കിലും ഇയാള്‍ക്ക് ഐഎസ് ഭീകരരുമായി നേരിട്ട് ബന്ധമുണ്ടോ എന്ന കാര്യത്തില്‍ പൊലീസിന് ഇതുവരെ യാതൊരു സ്ഥിരീകരണവും ലഭിച്ചിട്ടില്ല. ഐഎസിന്റെ ട്വിറ്റര്‍ അക്കൗണ്ട് കൈകാര്യം ചെയ്തത് മെഹ്ദി മസ്‌റൂര്‍ ആണെന്ന് ബ്രിട്ടനിലെ ചാനല്‍ 4 മാധ്യമമാണ് ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ബംഗളുരു പൊലീസാണ് മസ്‌റൂറിനെ അറസ്റ്റ് ചെയ്തത്.

ട്വിറ്റര്‍ ഫോളോവേഴ്‌സിന്റെ വിശദാംശങ്ങള്‍കൂടി പരിശോധിച്ചാല്‍ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകുമെന്ന നിലപാടിലാണ് സംസ്ഥാന – കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍. ഇന്ത്യയില്‍ നിന്ന് ഐഎസിലേക്കുള്ള റിക്രൂട്ട്‌മെന്റിനെക്കുറിച്ചും കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

Top