തിരുവനന്തപുരം: റേഞ്ച് ഐജി മനോജ് എബ്രഹാമിനെതിരെ തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ പരാതി നല്‍കിയ ചന്ദ്രശേഖരന്‍ നായര്‍ സജീവ വിഎച്ച്പി – ആര്‍എസ്എസ് പ്രവര്‍ത്തകനാണെന്ന് വ്യക്തമായതോടെ ഗൂഡാലോചന മറനീക്കി പുറത്ത് വരുന്നു.
പത്തനംതിട്ട എസ്.പി ആയിരിക്കെ രാഹുല്‍ ആര്‍ നായരുമായി ഏറെ അടുപ്പമുണ്ടായിരുന്ന വിഎച്ച്പി സംസ്ഥാന നേതാവിന്റെ അറിവോടെയും നിര്‍ദേശ പ്രകാരവുമാണ് ഐജിക്കെതിരെ ചന്ദ്ര ശേഖരന്‍ നായര്‍ പരാതി നല്‍കിയതെന്നാണ് സംസ്ഥാന ഇന്റലിജന്‍സിന്റെ നിഗമനം.
പത്തനംതിട്ടയിലെ ചില പാറമടകള്‍ക്കെതിരെ സംഘപരിവാര്‍ സംഘടനകളുടെ നേതൃത്വത്തിലുള്ള പരിസ്ഥിതി സംഘടന രംഗത്ത് വന്നപ്പോള്‍ അതിന് സഹായകരമായ നിലപാട് രാഹുല്‍ ആര്‍ നായര്‍ സ്വീകരിച്ചിരുന്നുവെന്നും ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്.
കൈക്കൂലിക്കേസില്‍ കുടുങ്ങി രാഹുല്‍ ആര്‍ നായര്‍ സസ്‌പെന്‍ഷനിലായ സാഹചര്യത്തില്‍ എസ്.പിക്കെതിരെ മുന്‍പ് റിപ്പോര്‍ട്ട് നല്‍കിയ റേഞ്ച് ഐ.ജി മനോജ് എബ്രഹാമിനെ ഉന്നത നേതാവിന്റെ നിര്‍ദേശപ്രകാരം ‘ടാര്‍ജറ്റ്’ചെയ്യുകയായിരുന്നുവത്രെ.
പത്തനംതിട്ട സ്വദേശിയായ ചന്ദ്രശേഖരന്‍ നായര്‍ തിരുവനനന്തപുരം – കോട്ടയം വിജിലന്‍സ് കോടതികളെ സമീപിക്കാതെ തൃശൂര്‍ വിജിലന്‍സ് കോടതിയെ സമീപിക്കാനുണ്ടായ സാഹചര്യം എന്താണെന്നതിനെ കുറിച്ച് നേരത്തെ തന്നെ സംശയം ഉയര്‍ന്നിരുന്നു.
ഐ.ജി മനോജ് എബ്രഹാമിനെതിരെ ആരോപണങ്ങളും പരാതികളും തുടര്‍ച്ചയായി ഉയരുന്നതിന് പിന്നിലും വിജിലന്‍സിന് രാഹുല്‍ നല്‍കിയ മൊഴി മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിക്കൊടുത്തതിന് പിന്നിലും രാഹുല്‍ ആര്‍ നായര്‍ക്ക് പങ്കുണ്ടെന്ന് ഉന്നത ഐപിഎസ് ഉദ്യോഗസ്ഥരും യോഗംചേര്‍ന്ന് വിലയിരുത്തിരുന്നു. രാഹുലിനെ വിളിച്ചുവരുത്തി ശാസിക്കണമെന്ന ഐപിഎസ് ഉദ്യോഗസ്ഥരുടെ ആവശ്യം ഡിജിപിയുടെ പരിഗണനയില്‍ നില്‍ക്കെയാണ്. വിജിലന്‍സ് പരാതിയുമായി ബന്ധപ്പെട്ട കൂടുതല്‍ കാര്യങ്ങള്‍ പുറത്ത് വരുന്നത്.
പത്തനംതിട്ടയിലെ ഒരു ക്വാറി ഉടമയില്‍ നിന്ന് 17 ലക്ഷം രൂപ ഇടനിലക്കാരന്‍ വഴി എസ്.പി രാഹുല്‍ ആര്‍ നായര്‍ കൈക്കൂലി വാങ്ങിയെന്ന പരാതിയെക്കുറിച്ച് അന്വേഷിച്ച വിജിലന്‍സ് രാഹുലിനെതിരെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ സര്‍വ്വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നത്. ഇത് സംബന്ധമായ വാര്‍ത്ത ചാനലുകളില്‍ പ്രത്യക്ഷപ്പെട്ടതോടെ പെട്ടെന്ന് തന്നെ രാഹുല്‍ വിജിലന്‍സിന് നല്‍കിയ മൊഴി പകര്‍പ്പിന്റെ കോപ്പിയും പുറത്തായിരുന്നു. ഈ മൊഴിയില്‍ ഐ.ജി മനോജ് എബ്രഹാമിനേയും എഡിജിപി ശ്രേീലേഖയെയുമാണ് രാഹുല്‍ പ്രതിസ്ഥാനത്ത് നിര്‍ത്തിയിരുന്നത്.
പൊലീസ് സേനയെ ആകെ ഞെട്ടിച്ച ഈ സംഭവത്തെ തുടര്‍ന്ന് രാഹുലിനെതിരെ മനോജ് എബ്രഹാമും ശ്രീലേഖയും നല്‍കിയ പരാതിയില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നടക്കവെയാണ് തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ ചന്ദ്രശേഖരന്‍ നായര്‍ മനോജ് എബ്രഹാമിനെതിരെ പരാതി നല്‍കിയത്.
രാഹുല്‍ ആര്‍ നായര്‍ ഉന്നയിച്ച ആരോപണങ്ങളാണ് ഈ പരാതിയിലും ആവര്‍ത്തിച്ചിരുന്നത്. ഇതാണ് സംശയത്തിന് ഇടയാക്കിയത്.