തിരുവനന്തപുരം: ഐജി മനോജ് എബ്രഹാമിനെതിരായ പരാതിക്കുപിന്നില്‍ ഗൂഢസംഘമെന്ന് സൂചന. കൈക്കൂലിക്കേസില്‍ സസ്‌പെന്‍ഷനിലായ ഐപിഎസ് ഉദ്യോഗസ്ഥന്‍ രാഹുല്‍ ആര്‍ നായര്‍ മനോജ് എബ്രഹാമിനെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ മുന്‍നിര്‍ത്തി തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ പരാതി നല്‍കിയ പത്തനംതിട്ട സ്വദേശി ചന്ദരശേഖരന്‍ നായരുടെ നടപടിയാണ് ദുരൂഹത ഉണര്‍ത്തുന്നത്.
എസ്.പി രാഹുല്‍ ആര്‍ നായര്‍ ഉന്നയിച്ച ആരോപണത്തെ കുറിച്ച് അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഐ.ജി മനോജ് എബ്രഹാമും എഡിജിപി ശ്രീലേഖയും നല്‍കിയ പരാതിയില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്ന ഘട്ടത്തില്‍ തന്നെ വിജിലന്‍സ് കോടതിയില്‍ പരാതി നല്‍കിയത് വ്യക്തമായ ഇടപെടലുകളുടെ ഭാഗമായാണെന്ന നിഗമനത്തിലാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍.
പത്തനംതിട്ട സ്വദേശിയായ പരാതിക്കാരന്‍ തിരുവനനന്തപുരം,കോട്ടയം എറണാകുളം, വിജിലന്‍സ് കോടതികളെ സമീപിക്കാതെ തൃശൂര്‍ വിജിലന്‍സ് കോടതിയെ സമീപിച്ചതെന്തിനാണെന്ന ചോദ്യവും ഇതിനകം ഉയര്‍ന്നിട്ടുണ്ട്.
എറണാകുളം സിറ്റി കമ്മീഷണറായിരിക്കെ മനോജ് എബ്രഹാം ക്വാറി ഉടമകളുടെ സൗഹൃദം ഉപയോഗിച്ച് അനധികൃത സ്വത്ത് സമ്പാദിച്ചുവെന്ന് പറയുന്ന പരാതിയില്‍ എസ്പി രാഹുല്‍ ആര്‍ നായരെ ഐജിയുടെ ഓഫീസ് കേന്ദ്രീകരിച്ച് ഗൂഢാലോചനയില്‍ കുരുക്കാന്‍ ശ്രമിച്ചുവെന്നും, ഇത് പാറമട ലോബിക്ക് വേണ്ടിയാണെന്നും ആരോപിച്ചിട്ടുണ്ട്.
ഫലത്തില്‍ രാഹുല്‍ ആര്‍ നായര്‍ മനോജ് എബ്രഹാമിനെതിരെ ഉന്നയിച്ച ആരോപണങ്ങളെല്ലാം അതേപടി ആവര്‍ത്തിച്ചാണ് പരാതിക്കാരന്‍ വിജിലന്‍സ് കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തിട്ടുള്ളത്. ചന്ദ്രശേഖരന്‍ നായരുടെ പരാതിയില്‍ പ്രാഥമിക അന്വേഷണം നടത്താന്‍ വിജിലന്‍സ് കോടതി ഉത്തരവിട്ട സാഹചര്യത്തില്‍ ആദ്യം പരാതിയില്‍ കഴമ്പുണ്ടോ എന്ന കാര്യം പരിശോധിച്ച് മുന്നോട്ട് പോകാനാണ് വിജിലന്‍സ് അധികൃതരുടെ തീരുമാനം.
അതേസമയം തിരുവനന്തപുരം റേഞ്ച് ഐജിയായ മനോജ് എബ്രഹാമിനെ താറടിക്കാന്‍ ബോധപൂര്‍വ്വമായ ഇടപെടല്‍ നടക്കുന്നുണ്ടെന്ന വികാരമാണ് ഉന്നത ഐപിഎസ് ഉദ്യോഗസ്ഥര്‍ക്കിടയിലുള്ളത്. സര്‍വ്വീസില്‍ മികച്ച ട്രാക്ക് റിക്കോര്‍ഡുള്ള മനോജ് എബ്രഹാമിന്റെ കര്‍ക്കശ നടപടിക്ക് വിധേയരായവരും പകപോക്കാന്‍ അവസരം മുതലെടുത്ത് അണിയറയില്‍ കരുക്കള്‍ നീക്കുന്നുണ്ടെന്നാണ് ആക്ഷേപം. മനോജ് എബ്രഹാമിനെതിരെ പ്രതികരിക്കാന്‍ ചില ഭരണ- പ്രതിപക്ഷ നേതാക്കളെ ഒരു വിഭാഗം സമീപിച്ചിരുന്നെങ്കിലും രാഷ്ട്രീയ നേതൃത്വങ്ങള്‍ ആരോപണങ്ങള്‍ മുഖവിലയ്‌ക്കെടുത്തിട്ടില്ല