ഐപിഎല്‍: യുവരാജ് സിംഗിനെ 16 കോടിക്ക് ഡല്‍ഹി ഡെയര്‍ഡെവിള്‍സ് സ്വന്തമാക്കി

ബംഗളുരു: ഐപിഎല്‍ എട്ടാം സീസണിലേക്കുള്ള താരലേലത്തില്‍ യുവരാജ് സിംഗിന് വീണ്ടും റെക്കോര്‍ഡ് വില. 16 കോടി രൂപയ്ക്ക് യുവരാജ് സിംഗിനെ ഡല്‍ഹി ഡെയര്‍ഡെവിള്‍സ് സ്വന്തമാക്കി. കഴിഞ്ഞതവണ യുവരാജിനെ ആര്‍സിബി വാങ്ങിയത് 14 കോടി രൂപയ്ക്കായിരുന്നു. ഈ റെക്കോര്‍ഡാണ് ഇത്തവണ യുവരാജിനെത്തന്നെ വാങ്ങിക്കൊണ്ട് ഡെയര്‍ഡെവിള്‍സ് തിരുത്തിയത്.

രണ്ടു കോടി രൂപയായിരുന്നു യുവിയുടെ അടിസ്ഥാന വില. ഈ രഞ്ജി സീസണില്‍ പഞ്ചാബിന് വേണ്ടി തുടര്‍ച്ചയായി നാലു സെഞ്ചുറികള്‍ നേടിയ യുവരാജ് തകര്‍പ്പന്‍ ഫോമിലായിരുന്നു. ലോകകപ്പ് ടീമില്‍ ഇടംനേടുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അവസാന നിമിഷം തഴയപ്പെടുകയായിരുന്നു. എന്നാല്‍ ലോകകപ്പ് ടീമിലുള്ള ഒരു താരത്തിനും ലഭിക്കാത്ത പ്രതിഫലമാണ് യുവിക്ക് ഐപിഎല്ലില്‍ ലഭിച്ചിരിക്കുന്നത്.

ഇന്നത്തെ താരലേലത്തില്‍ ഏറ്റവും കൂടുതല്‍ തുക ചെലവിടാന്‍ അനുമതിയുള്ളത് ഡെയര്‍ഡെവിള്‍സിനാണ്. 39.75 കോടി രൂപ അവര്‍ക്ക് കളിക്കാരെ വാങ്ങാന്‍ ചെലവിടാം. അതുകൊണ്ടുതന്നെ ബംഗളുരുവുമായി മല്‍സരിച്ചാണ് യുവിയെ ഡല്‍ഹി ടീം സ്വന്തമാക്കിയത്. യുവരാജിനുവേണ്ടി ആര്‍സിബി 15.5 കോടി രൂപ വരെ വിളിച്ചിരുന്നു. എന്നാല്‍ വിട്ടുകൊടുക്കാതെ ഡല്‍ഹി യുവിയെ സ്വന്തമാക്കുകയായിരുന്നു.

യുവരാജ് ഉള്‍പ്പടെ 343 താരങ്ങള്‍ക്ക് വേണ്ടിയാണ് ബംഗളുരുവില്‍ താരലേലം പുരോഗമിക്കുന്നത്. മുതിര്‍ന്ന താരങ്ങളായ ഹാഷിം ആംല, കുമാര്‍ സംഗകാര, മഹേല ജയവര്‍ദ്ധന എന്നിവരെ ആരും വാങ്ങിയില്ല. മുരളി വിജയിയെ മൂന്നു കോടിക്ക് കിംഗ്‌സ് ഇലവനും കെവിന്‍ പീറ്റേഴ്‌സണെ രണ്ടു കോടി രൂപയ്ക്ക് സണ്‍റൈസേഴ്‌സും വാങ്ങി. ലങ്കന്‍ നായകന്‍ എയ്ഞ്ചലോ മാത്യൂസിനെ ഏഴര കോടി രൂപയ്ക്ക് ഡെയര്‍ഡെവിള്‍സും ദിനേഷ് കാര്‍ത്തിക്കിനെ പത്തര കോടി രൂപയ്ക്ക് ബംഗളുരു റോയല്‍ ചലഞ്ചേഴ്‌സും സ്വന്തമാക്കി.

Top