ഐപിഎല്‍: ബാംഗളൂര്‍ റോയല്‍ ചലഞ്ചേഴ്‌സിന് ചരിത്ര ജയം

ബംഗളൂരു: ക്രിസ് ഗെയിലിന്റെ കൂറ്റനടിയില്‍ ബാംഗളൂര്‍ റോയല്‍ ചലഞ്ചേഴ്‌സിനു സമ്മാനിച്ചത് കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെതിരേ 138 റണ്‍സിന്റെ ചരിത്ര വിജയം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനു വിനിയോഗിക്കപ്പെട്ട ബാംഗളൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് 20 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 226 റണ്‍സ് അടിച്ചുകൂട്ടി. മറുപടി ബാറ്റിംഗിനിറങ്ങിയ പഞ്ചാബ് 13.4 ഓവറില്‍ 88 റണ്‍സിന് എല്ലാവരും പുറത്തായി. ഐപിഎലിലെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ തോല്‍വിയാണിത്.

ട്വന്റി-20 ക്രിക്കറ്റിലെ 14-ാം സെഞ്ചുറി കണ്ടെത്തിയ ക്രിസ് ഗെയിലിന്റെ തകര്‍പ്പന്‍ പ്രകടനമാണ് ബാംഗളൂരിന് പഞ്ചാബിനെതിരേ അനായാസ വിജയമൊരുക്കിയത്. 57 പന്തില്‍ ഏഴു ബൗണ്ടറിയും 12 പടുകൂറ്റന്‍ സിക്‌സുമടക്കം ഗെയില്‍ 117 റണ്‍സ് നേടി. ഗെയിലിനു പിന്തുണയുമായി എ.ബി. ഡിവില്യേഴ്‌സും(പുറത്താകാതെ 47) വിരാട് കോഹ്‌ലിയും(32) എത്തിയതോടെ കാര്യങ്ങള്‍ ബാംഗളൂരിനൊപ്പമായി. 119 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഓപ്പണിംഗ് വിക്കറ്റില്‍ കോഹ്‌ലിക്കൊപ്പം ഗെയില്‍ പടുത്തുയര്‍ത്തിയത്. കോഹ്‌ലി നേടിയതാകട്ടെ 32ഉം ഗെയിലിന്റെ വക 80ഉം. പഞ്ചാബിനു വേണ്ടി സന്ദീപ് ശര്‍മ രണ്ടു വിക്കറ്റ് നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ കിംഗ്‌സ് ഇലവന്‍ പഞ്ചാബ് അവിശ്വസനീയമാംവണ്ണം തകര്‍ന്നടിയുകയായിരുന്നു. സ്‌കോര്‍ബോര്‍ഡില്‍ 39 റണ്‍സുള്ളപ്പോള്‍ അവരുടെ ആറു പ്രധാന ബാറ്റ്‌സ്മാന്മാര്‍ പുറത്തായി. ഇതില്‍ നാലു വിക്കറ്റും വീഴ്ത്തിയത് ശ്രീനാഥ് അരവിന്ദായിരുന്നു. മുരളി വിജയ്(2), മനന്‍ വോറ(2), സാഹ(13), മാക്‌സ്‌വെല്‍(1), മില്ലര്‍(7), ബെയ്‌ലി(2) എന്നിവരാണു പുറത്തായത്. കിംഗ്‌സ് ഇലവന്റെ 10 കളികളിലെ എട്ടാം പരാജയമാണിത്. ഇതോടെ പഞ്ചാബ് ഐപിഎലില്‍ പ്ലേ ഓഫ് റൗണ്ട് കാണാതെ പുറത്തായി.

Top