ഐപിഎല്‍: രാജസ്ഥാന്‍ റോയല്‍സിനെ പരാജയപ്പെടുത്തി ബാംഗ്ലൂര്‍ ക്വാളിഫയറില്‍

പൂനെ: റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനോട് 71 റണ്‍സിന്റെ കൂറ്റന്‍ പരാജയം ഏറ്റുവാങ്ങി രാജസ്ഥാന്‍ റോയല്‍സ് പുറത്ത്. ബാംഗ്ലൂര്‍ ക്വാളിഫയറില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സുമായി ഏറ്റുമുട്ടും. ബാംഗ്ലൂര്‍ ഉയര്‍ത്തിയ 181 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന രാജസ്ഥാന്‍ ദയനീയ തോല്‍വിയാണ് ഏറ്റുവാങ്ങിയത്.

ഒരോവര്‍ ബാക്കിനില്‍ക്കെ 109 റണ്‍സിനു രാജസ്ഥാന്റെ എല്ലാ കളിക്കാരും പുറത്തായി. അജിങ്ക്യ രഹാനെ (42) മാത്രമാണു രാജസ്ഥാന്‍ നിലയില്‍ പൊരുതിയത്. എന്നാല്‍ കൂട്ടുകാര്‍ ഓരോരുത്തരും കൂട്ടപരാജയമായപ്പോള്‍ തോല്‍വി വേഗത്തിലായി. വാട്‌സണും (10) സ്റ്റീവന്‍ സ്മിത്തും (12) കരുണ്‍ നായരും (12) ഹൂഡയും (11) കാര്യമായി സംഭവാന നല്‍കാതെ മടങ്ങി. മൂന്നാം നമ്പറില്‍ എത്തിയ സഞ്ജു സാംസണ്‍ (5) ഇത്തവണയും പരാജയമായി.

നേരത്തെ എബി ഡിവില്ലിയേഴ്‌സിന്റെയും (66) മന്‍ദീപ് സിംഗിന്റെയും (54) അര്‍ധ സെഞ്ചുറി മികവിലാണു ബാംഗളൂര്‍ മികച്ച സ്‌കോര്‍ സ്വന്തമാക്കിയത്. ബാംഗളൂര്‍ നിശ്ചിത ഓവറില്‍ നാലു വിക്കറ്റിനു 180 റണ്‍സെടുത്തു. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ബാംഗളൂരിനു മോശം തുടക്കമാണു ലഭിച്ചത്. ക്രിസ് ഗെയിലും (26 പന്തില്‍ 27) ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയും (18 പന്തില്‍ 12) മികച്ച തുടക്കംനല്‍കുന്നതില്‍ പരാജയപ്പെട്ടു.

ഇരുവരും പുറത്തായ ശേഷമെത്തിയ ഡിവില്ലിയേഴ്‌സിന്റെയും മന്‍ദീപ് സിംഗിന്റെയും വെടിക്കെട്ടാണ് ആര്‍സിബിയെ വലിയ സ്‌കോറിലേക്ക് എത്തിച്ചത്. ഡിവില്ലിയേഴ്‌സ് 38 പന്തില്‍ നിന്നാണ് 66 റണ്‍സ് നേടിയത്. മന്‍ദീപ് സിംഗ് 34 പന്തില്‍ നിന്ന് ഏഴു ഫോറും രണ്ടു സിക്‌സറുകളുമായി 54 റണ്‍സെടുത്തു.

Top