ന്യൂഡല്‍ഹി: ഐപിഎല്‍ വാതുവയ്പ് കേസില്‍ ഉള്‍പ്പെട്ട താരങ്ങളുടെ പേരുകള്‍ ലോധ സമിതിക്ക് കൈമാറണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. ലോധ സമിതി നേരിട്ട് ആവശ്യപ്പെട്ടാല്‍ അപ്പോള്‍ പരിഗണിക്കാം. പരാതിക്കാര്‍ക്ക് ഇതേ ആവശ്യം ഉന്നയിച്ച് ലോധ സമിതിയെ സമീപിക്കാമെന്നും കോടതി പറഞ്ഞു. അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ലോധ സമിതിക്ക് ഡിസംബര്‍ 31 വരെ കോടതി സമയം അനുവദിച്ചു.
വാതുവയ്പില്‍ ബന്ധമുണ്ടെന്ന് ജസ്റ്റിസ് മുകുള്‍ മുദ്ഗല്‍ കമ്മിറ്റി കണ്ടെത്തിയ മുന്‍നിര കളിക്കാരുടെയും മറ്റും പേരുകള്‍ ജസ്റ്റിസ് ആര്‍.എം. ലോധ സമിതിക്ക് നല്‍കണമെന്നാവശ്യപ്പെട്ട് ബിഹാര്‍ ക്രിക്കറ്റ് അസോസിയേഷന്‍ സമര്‍പ്പിച്ച അപേക്ഷ പരിഗണിക്കവെയാണ് കോടതിയുടെ പരാമര്‍ശം.
ഐപിഎല്‍ വാതുവയ്പ് കേസില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് ടീം ലീഡര്‍ ഗുരുനാഥ് മെയ്യപ്പനും രാജസ്ഥാന്‍ റോയല്‍സ് ടീം ഉടമയായിരുന്ന രാജ് കുന്ദ്രയ്ക്കും ആജീവനാന്ത വിലക്കേര്‍പ്പെടുത്തിയത് ലോധ സമിതിയായിരുന്നു. കൂടാതെ ചെന്നൈ, രാജസ്ഥാന്‍ ടീമുകള്‍ക്ക് രണ്ടുവര്‍ഷത്തെ വിലക്കും ഏര്‍പ്പെടുത്തിയിരുന്നു.
മുദ്രവച്ച കവറില്‍ കഴിഞ്ഞ വര്‍ഷം നവംബറില്‍ നല്‍കിയ റിപ്പോര്‍ട്ട് സുപ്രീംകോടതി റജിസ്ട്രാറുടെ കസ്റ്റഡിയിലാണുള്ളത്. എന്‍.ശ്രീനിവാസനടക്കം 13 പേരുകളാണ് റിപ്പോര്‍ട്ടിലുള്ളത്.