ഐഫോണിലും ആന്‍ഡ്രോയ്ഡിലും ഇനി ഡേറ്റാ എന്‍ക്രിപ്ഷന്‍

ആപ്പിളിന്റെ പുതിയ മൊബൈല്‍ ഓപ്പറേറ്റിങ് സിസ്റ്റമായ ഐഒഎസ് 8 ലോടുന്ന ഉപകരണങ്ങളില്‍ ഡിഫോള്‍ട്ടായി ഡേറ്റ എന്‍ക്രിപ്റ്റ് ചെയ്യുമെന്ന് ആപ്പിള്‍ പ്രഖ്യാപിച്ചത് കഴിഞ്ഞ ദിവസമാണ്. അതിന് പിന്നാലെ ആന്‍ഡ്രോയ്ഡിന്റെ അടുത്ത പതിപ്പായ ആന്‍ഡ്രോയ്ഡ് എല്ലില്‍ ഈ സുരക്ഷാസങ്കേതം ഉള്‍പ്പെടുത്തുമെന്ന് ഗൂഗിളും അറിയിച്ചു.

ഡിഫോള്‍ട്ടായി ഡേറ്റാ എന്‍ക്രിപ്ഷന്‍ എത്തുന്നതോടെ, സ്മാര്‍ട്ട്‌ഫോണുകളില്‍നിന്ന് സ്വകാര്യവിവരങ്ങള്‍ ചോര്‍ത്തുന്ന ഹാക്കര്‍മാര്‍ക്കും നിയമപാലകര്‍ക്കും അത് തടസ്സമാകും. സ്വകാര്യവിവരങ്ങള്‍ ഗൂഢഭാഷയില്‍ പരിവര്‍ത്തനംചെയ്ത് സൂക്ഷിക്കുകയാണ് എന്‍ക്രിപ്ഷനില്‍ ചെയ്യുക.

ആപ്പിളും ഗൂഗിളും തങ്ങളുടെ മൊബൈല്‍ പ്ലാറ്റ്‌ഫോമുകളില്‍ കുറച്ചുനാളായി ഡേറ്റാ എന്‍ക്രിപ്ഷന്‍ ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍, അത് ഡിഫോള്‍ട്ടായിരുന്നില്ല. ഭൂരിപക്ഷം ഉപയോക്താക്കള്‍ക്കും അക്കാര്യത്തെക്കുറിച്ച് ധാരണയില്ലായിരുന്നു. ആ സ്ഥിതി ഇപ്പോഴത്തെ തീരുമാനത്തോടെ മാറുകയാണ്.

ആപ്പിളിന്റെ സ്‌ക്രീന്‍ വലിപ്പം കൂടിയ പുതിയ ഐഫോണ്‍ 6, ഐഫോണ്‍ 6 പ്ലസും വിപണിയിലെത്തിയത് വെള്ളിയാഴ്ചയാണ്. അതിന് തലേ ദിവസമാണ്, ഐഒഎസ് 8 ലോടുന്ന ഉപകരണങ്ങളില്‍ ഡിഫോള്‍ട്ടായി ഡേറ്റാ എന്‍ക്രിപ്ഷന്‍ ഉള്ള കാര്യം ആപ്പിള്‍ അറിയിച്ചത്. ഇതുസംബന്ധിച്ച് ആപ്പിള്‍ മേധാവി ടിം കുക്ക് ഒരു ഓണ്‍ലൈന്‍ പ്രസ്താവനയും ഇറക്കി.

‘ഐആഡ്’ എന്ന പേരിലൊരു പരസ്യബിസിനസ് ആപ്പിളിനുണ്ടെങ്കിലും, ആ സംഗതി യൂസര്‍മാര്‍ക്ക് അണച്ചിടാന്‍ സാധിക്കുമെന്ന കാര്യവും ടിം കൂക്ക് ചൂണ്ടിക്കാട്ടി.

ഉടന്‍ തന്നെ ഗൂഗിളും ഡിഫോള്‍ട്ട് എന്‍ക്രിപ്ഷന്‍ പ്രഖ്യാപിച്ചു. മൂന്നുവര്‍ഷമായി ആന്‍ഡ്രോയ്ഡില്‍ എന്‍ക്രിപ്ഷന്‍ സാധ്യമായിരുന്ന കാര്യം ഗൂഗിള്‍ വക്താവ് ചൂണ്ടിക്കാട്ടി. ‘അടുത്ത ആന്‍ഡ്രോയ്ഡ് റിലീസിങിന്റെ ഭാഗമായി, എന്‍ക്രിപ്ഷന്‍ ഡിഫോള്‍ട്ട് ആയി മാറും, നിങ്ങളത് ഓണാക്കിയിടേണ്ട കാര്യം ഉദിക്കുന്നില്ല’.

യഥാര്‍ഥത്തില്‍ ഗൂഗിളും ആപ്പിളും ബ്ലാക്ക്ബറിയുടെ പാത പിന്തുടരുകയാണ്, എന്‍ക്രിപ്ഷന്റെ കാര്യത്തില്‍.

അടുത്തയിടെയാണ് ആപ്പിളിന്റെ ഐക്ലൗഡില്‍ സൂക്ഷിച്ചിരുന്ന ചില പ്രശസ്ത താരങ്ങളുടെ നഗ്‌നചിത്രങ്ങള്‍ ഹാക്കര്‍മാര്‍ ചോര്‍ത്തി പുറത്തുവിട്ടത്. സ്വകാര്യത ശക്തമാക്കാന്‍ ആപ്പിളിനെ പെട്ടന്ന് പ്രേരിപ്പിച്ച ഘടകം ഇതാണ്.

Top