ഐ എസ് എല്‍: കേരളാ ബ്ലാസ്‌റ്റേഴ്‌സിന് തോല്‍വി

കൊച്ചി: പകരക്കാരനായി ഇറങ്ങിയ ബ്രൂണോ അഗസ്‌റ്റോ പെലിസേറി ഡി ലിമ എന്ന ബ്രസീലിയന്‍ താരം നേടിയ മിന്നുന്ന ഗോളില്‍ ചെന്നൈയിന്‍ എഫ് സി കേരള ബ്ലാസ്‌റ്റേഴ്‌സിനെ വീഴ്ത്തി ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ സെമി ഫൈനല്‍ ബെര്‍ത്തിലേക്ക് കുതിച്ചു. ബ്ലാസ്‌റ്റേഴ്‌സിന്റെ കരുത്തുറ്റ പ്രതിരോധത്തിന്റെ കോട്ട മലര്‍ക്കെ തുറന്ന ഒരു നിമിഷത്തില്‍ മിന്നല്‍പ്പിണറായി മാറിയ പെലിസേറി ബ്ലാസ്‌റ്റേഴ്‌സിനെയും നെഹ്‌റു സ്‌റ്റേഡിയത്തില്‍ തടിച്ചു കൂടിയ അറുപതിനായിരത്തോളം കേരള ആരാധകരെയും ഒരു നിമിഷം കൊണ്ട് തോല്‍പ്പിച്ചു.

87ാം മിനിറ്റില്‍ ലഭിച്ച കോര്‍ണര്‍ കിക്കില്‍ മുഴുവന്‍ പ്രതീക്ഷയും അര്‍പ്പിച്ച് കേരള ബ്ലാസ്‌റ്റേഴ്‌സ് താരങ്ങള്‍ ചെന്നൈ ഗോള്‍മുഖത്ത് പ്രകമ്പനം സൃഷ്ടിച്ചുകൊണ്ടിരിക്കെ പന്ത് റാഞ്ചിയെടുത്ത് ഒറ്റക്ക് ബ്ലാസ്‌റ്റേഴ്‌സിന്റെ ഗോള്‍ മുഖം ലക്ഷ്യമാക്കി പെലിസേറി കുതിക്കുമ്പോള്‍ കേരളത്തിന്റെ ഏരിയയില്‍ ഒഴിഞ്ഞ മൈതാനവും ഗോളി സന്ദീപ് നന്ദിയും മാത്രം. പിന്നാലെ പാഞ്ഞെത്തിയവര്‍ക്ക് എന്തെങ്കിലും ചെയ്യാന്‍ കഴിയും മുമ്പേ പെലിസേറി പന്തുമായി ബോക്‌സിലേക്ക് കടന്നു. മുന്നോട്ടു കയറാന്‍ ശ്രമിച്ച ഗോളിയെ നിസ്സഹായനാക്കി അളന്നു കുറിച്ച ഒരു ഷോട്ടിലൂടെ പെലിസേറി പന്ത് വലയിലാക്കി.

കഴിഞ്ഞ മത്സരത്തിലെ പോലെ 4-4-2 ശൈലിയില്‍ ബ്ലാസ്‌റ്റേഴ്‌സ് കളത്തിലിറങ്ങിയപ്പോള്‍ ചെന്നൈയിന്‍ എഫ്‌സി 4312 ശൈലിയാണ് അവലംബിച്ചത്. തുടക്കം മുതല്‍ ചെന്നെയിന്‍ മുന്നേറ്റത്തിന് മുന്നില്‍ വിറച്ച ബ്ലാസ്‌റ്റേഴ്‌സ് ആദ്യ പകുതിയില്‍ നിരാശപ്പെടുത്തുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. ആദ്യ പതിനഞ്ച് മിനിറ്റില്‍ പന്ത് 90 ശതമാനവും ചെന്നൈയുടെ കാലുകളിലായിരുന്നു. കേരളത്തിന് മുന്നേറാന്‍ കഴിഞ്ഞത് മൂന്നോ നാലോ അവരസങ്ങളില്‍ മാത്രം. ഹെംഗ്ബര്‍ട്ടിന്റെ അഭാവം ടീമില്‍ നിഴലിച്ചു.

Top