ഐ.എസ്.എല്‍: തുലാസിലാക്കി സമനില

കൊച്ചി: അനായാസം വിജയം നേടാനാവുമായിരുന്നു ഇന്നലെ കേരള ബ്ലാസ്‌റ്റേഴ്‌സിന് . പക്ഷേ, പതിവ് കാഴ്ച്ചയായ ഗോളടി മറന്നപ്പോള്‍ ഐ.എസ്.എല്ലില്‍ കേരളത്തിന്റെ സെമി ബെര്‍ത്ത് സാധ്യതകളും തുലാസിലായി. 10 പേരുമായി അവസാന 20 മിനിറ്റ് ഗോള്‍ വഴങ്ങാതെ കളിച്ച നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ് കേരളത്തെ ഗോള്‍രഹിതമായാണ് പൂട്ടിയത്. പക്ഷേ, സമനില വഴങ്ങിയത് നോര്‍ത്ത് ഈസ്റ്റിനെ സന്തോഷിപ്പിക്കില്ല. കാരണം, ഐ.എസ്.എല്ലില്‍ നിന്ന് സെമിഫൈനല്‍ കാണാതെ പുറത്താവുന്ന ആദ്യ ടീമെന്ന ചീത്തപേര് കേരളത്തിനെതിരേ സമനില വഴങ്ങിയതോടെ നോര്‍ത്ത് ഈസ്റ്റിന് ലഭിച്ചു.

ഒരു മല്‍സരം ശേഷിക്കെ നോര്‍ത്ത് ഈസ്റ്റിന് 14 പോയിന്റേ നേടാനായുള്ളൂ. എന്നാല്‍, കിട്ടിയ എത്രയോ അവസരങ്ങള്‍ നഷ്ടപ്പെടുത്തിയ കേരളത്തിന് സ്വയം പഴിക്കാം. കൈയെത്തും ദൂരത്ത് ഉണ്ടായിരുന്ന വിജയം നഷ്ടപ്പെടുത്തിയതിന്. അടുത്ത കളി പൂനെയ്‌ക്കെതിരേ ജയിച്ചാലും കേരളത്തിന് സെമി ഉറപ്പിക്കാനാവില്ല. മറ്റ് ടീമുകളുടെ മല്‍സരഫലവും കണക്കിലെ കളികളുമാണ് കേരളത്തെ സെമിയിലെത്തിക്കണോയെന്ന് തീരുമാനിക്കുക.

ആവേശം പകരാന്‍ കേരള സഹ ഉടമയായ ക്രിക്കറ്റ് ഇതിഹാസം സചിന്‍ ടെണ്ടുല്‍ക്കറും നോര്‍ത്ത് ഈസ്റ്റ് സഹ ഉടമ ജോണ്‍ എബ്രാഹമും മല്‍സരം വീക്ഷിക്കാനെത്തിയിരുന്നു. എന്നാല്‍, കൊച്ചിയിലെ അവസാന രണ്ട് മല്‍സരങ്ങളെ അപേക്ഷിച്ച് ഇന്നലെ കാണികള്‍ കുറവായിരുന്നു.

Top