ഐ.എസ്.എല്‍. ലോകത്തെ മുന്‍നിര ലീഗുകള്‍ക്കു ഭീഷണിയാവുമെന്ന് സച്ചിന്‍

മുംബൈ: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗുള്‍പ്പെടെ ലോകത്തിലെ മുന്‍നിര ഫുട്‌ബോള്‍ ടൂര്‍ണമെന്റുകള്‍ക്ക് ഭാവിയില്‍ ഭീഷണിയുയര്‍ത്താന്‍ ഐ.എസ്.എല്ലിനാവുമെന്ന് ക്രിക്കറ്റ് ഇതിഹാസവും കേരള ബ്ലാസ്‌റ്റേഴ്‌സ് ഉടമയുമായ സചിന്‍ ടെണ്ടുല്‍ക്കര്‍ അഭിപ്രായപ്പെട്ടു.

ഐ.എപി. എല്‍ മാതൃകയില്‍ കഴിഞ്ഞ മാസമാരംഭിച്ച ഐ.എസ്.എല്‍ ഇതിനകം വന്‍ വിജയമായിക്കഴിഞ്ഞു. യൂറോപ്പിലെ ചില സൂപ്പര്‍ താരങ്ങളുടെ സാന്നിധ്യവും വാശിയേറിയ മല്‍സരങ്ങളുമാണ് ടൂര്‍ണമെന്റിനെ കൂടുതല്‍ ജനകീയമാക്കിയത്.

നിലവില്‍ ക്രിക്കറ്റാണ് ഇന്ത്യയില്‍ കൂടുതല്‍ ആരാധകരുള്ള കായിക ഇനമെങ്കിലും ഭാവിയില്‍ ഫുട്‌ബോള്‍ ഇതു മറികടക്കുമെന്ന് സചിന്‍ ചൂണ്ടിക്കാട്ടി. ”ക്രിക്കറ്റിനുള്ളതുപോലെ പ്രിയം ഫുട്‌ബോളിനോട് ഇന്ത്യക്കാര്‍ക്ക് ഇപ്പോഴില്ലെന്ന് എനിക്കറിയാം. എന്നാല്‍ രാജ്യത്ത് ഫുട്‌ബോളിന്റെ ദിനങ്ങള്‍ വരാനിരിക്കുന്നതേയുള്ളൂ. ഇതിന്റെ തുടക്കമാണ് ഐ.എസ്.എല്‍. കാണികളില്‍ നിന്നു ടൂര്‍ണമെന്റിന് ലഭിച്ച പിന്തുണ അവിശ്വസനീയമാണ്. ഇന്ത്യയിലെ ജനങ്ങള്‍ ഫുട്‌ബോളിനെയും ഫുട്‌ബോ ള്‍ താരങ്ങളെയും ഏറെ ഇഷ്ടപ്പെടുകയും പിന്തുണയ്ക്കുകയും ചെയ്യുന്നു”- സചിന്‍ വിലയിരുത്തി.

”അന്താരാഷ്ട്ര തലത്തില്‍ നോക്കുമ്പോള്‍ ഫുട്‌ബോളിനു തന്നെയാണ് ഏറ്റവുമധികം ആരാധകരുള്ളത്. മറ്റു വിദേശ രാജ്യങ്ങളെപ്പോലെ ഇന്ത്യക്കും ഫുട്‌ബോളില്‍ ഏറെ നേട്ടങ്ങള്‍ കൊയ്യാനാവും. എന്നാല്‍ ഇതൊന്നും ചുരുങ്ങിയ കാലയളവില്‍ നടക്കില്ല. അതിന് അധികൃതരുടെ ഭാഗത്തുനിന്ന് ശക്തമായ ശ്രമങ്ങള്‍ കൂടി വേണ്ടിവരും”- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top