ഐ.എസ്. തലവന്‍ ബഗ്ദാദിയുടെ ഭാര്യയും മകനും പിടിയില്‍

ബെയ്‌റൂത്ത്: ഇസ്‌ലാമിക് സ്‌റ്റേറ്റ് തലവനും സ്വയം പ്രഖ്യാപിത ഖലീഫയുമായ അബൂബക്കര്‍ അല്‍ബഗ്ദാദിയുടെ ഭാര്യയും മകനും സിറിയന്‍ അതിര്‍ത്തിയില്‍വച്ച് ലബ്‌നാന്‍ സൈന്യത്തിന്റെ പിടിയിലായി. പത്തുദിവസത്തിനുമുമ്പ് ലബ്‌നാനില്‍ പ്രവേശിച്ച ഇരുവരെയും സൈനിക രഹസ്യന്വേഷണ വിഭാഗമാണു കസ്റ്റഡിയിലെടുത്തത്. ലബ്‌നീസ് ആഭ്യന്തര മന്ത്രാലയം ബഗ്ദാദിയുടെ ഭാര്യയെ ചോദ്യം ചെയ്തു വരുകയാണെന്ന് അല്‍ സഫീര്‍ പത്രം റിപോര്‍ട്ട് ചെയ്തു.

ബഗ്ദാദിയുടെ ഭാര്യമാരില്‍ ഒരാളാണ് പിടിയിലായിരിക്കുന്നതെന്നു വ്യക്തമാക്കിയ സൈന്യം അവരുടെ പേരും, പൗരത്വവും വെളിപ്പെടുത്തിയില്ല. വ്യാജ പാസ്‌പോര്‍ട്ട് ഉപയോഗിച്ചാണ് അവര്‍ യാത്രകള്‍ നടത്തിയതെന്നാണ് റിപോര്‍ട്ടുകള്‍. വിദേശ രഹസ്യപോലിസ് സംവിധാനത്തിന്റെ സഹായത്തോടെ അതീവസുരക്ഷയിലാണ് ബഗ്ദാദിയുടെ ഭാര്യയെയും മകനെയും പാര്‍പ്പിച്ചിരിക്കുന്നത്.

ജൂണില്‍ ഇസ്‌ലാമിക് സ്‌റ്റേറ്റ് എന്ന സായുധ സംഘത്തിന് രൂപം നല്‍കിയ അല്‍ ബഗ്ദാദി സ്വയം പ്രഖ്യാപിത ഖലീഫയായി അവരോധിതനാവുകയും ഇറാഖിലെയും സിറിയയിലെയും നിരവധി ഭാഗങ്ങളുടെ നിയന്ത്രണം കൈവശംവച്ചു വരുകയാണ്.

ഇറാഖി നഗരമായ മൗസിലില്‍ യു.എസ്. വ്യോമാക്രമണത്തില്‍ ബഗ്ദാദിക്കു പരിക്കേറ്റെന്ന വാര്‍ത്തകള്‍ ഐ.എസ്. നിഷേധിച്ചിരുന്നു. തങ്ങളുടെ അവസാന ഭടനും കൊല്ലപ്പെടുന്നതുവരെ പോരാട്ട രംഗത്തുനിന്നു പിന്‍മാറില്ലെന്നു വ്യക്തമാക്കുന്ന ഓഡിയോ ടേപ്പും ബഗ്ദാദിയുടെ പേരില്‍ തുടര്‍ന്നു പ്രചരിച്ചിരുന്നു. ഇത് ബഗ്ദാദിയുടെത് തന്നെയെന്ന് യു.എസ്. സ്ഥിരീകരിച്ചിരുന്നു.

Top