ഐ ഗേറ്റ് കേസ് ഒത്തുതീര്‍ത്തു; മൂര്‍ത്തിക്ക് 28 കോടി രൂപ നഷ്ടപരിഹാരം നല്‍കും

ബംഗളൂരു: ലൈംഗികാരോപണ കേസില്‍ പെട്ട ഐ ഗേറ്റ് മുന്‍ സി.ഇ.ഒ ഫനീഷ് മൂര്‍ത്തിയുമായുള്ള കേസ് ഒത്തുതീര്‍ന്നു. മൂര്‍ത്തിക്ക് 28 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഐ ഗേറ്റ് സമ്മതിച്ചതോടെയാണ് കേസ് കോടതിക്ക് പുറത്ത് ഒത്തുതീര്‍ന്നത്. ഒത്തുതീര്‍പ്പുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നും തന്നെ പരസ്യമാക്കില്ലെന്ന ധാരണയിലാണ് ഇരു പാര്‍ട്ടികളും കേസ് അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്.

കമ്പനിയില്‍ ഇന്‍വെസ്റ്റര്‍ റിലേഷന്‍സ് മേധാവിയായ ആഴ്‌സെലി റോയിസുമായുള്ള ബന്ധത്തെ തുടര്‍ന്ന് 2013ല്‍ മൂര്‍ത്തിയെ കമ്പനി പുറത്താക്കിയിരുന്നു. പുറത്താക്കപ്പെട്ടതിനു ഏഴു മാസത്തിന് ശേഷമാണ് മൂര്‍ത്തി കേസ് നല്‍കിയത്. സ്റ്റോക്ക് മാര്‍ക്കറ്റിലും മറ്റുമായി അഞ്ചു ലക്ഷം ഓഹരികള്‍ തടഞ്ഞു വച്ചുവെന്നും കമ്പനി വിട്ടതിന് ശേഷം വൈദ്യസഹായ ഇനത്തില്‍ പ്രതിമാസം ലഭിക്കേണ്ട 6000 ഡോളര്‍ ലഭിച്ചില്ലെന്നും ഫനീഷ് മൂര്‍ത്തി കോടതിയില്‍ വ്യക്തമാക്കി.

റോയിസുമായി തനിക്കുണ്ടായിരുന്ന ബന്ധം അറിയില്ലെന്ന് കമ്പനി നിലാപാടെടുത്തതിനെയും മൂര്‍ത്തി ചോദ്യം ചെയ്തു. തുടര്‍ന്ന് 2014 മാര്‍ച്ചില്‍ ഫനീഷ് മൂര്‍ത്തിയുടെ പ്രശ്‌നം കാരണം കമ്പനിക്ക് നാണക്കേട് ഉണ്ടായതായി ചൂണ്ടിക്കാട്ടി ഐ ഗേറ്റ് ഹര്‍ജി സമര്‍പ്പിച്ചു. റോയിസുമായുണ്ടായിരുന്ന ബന്ധം വെളിപ്പെടുത്താന്‍ തയ്യാറാവാത്തതിനെ തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങള്‍ കമ്പനിക്ക് മാനക്കേടുണ്ടാക്കിയെന്നും ഐ ഗേറ്റ് വാദിച്ചു. കേസ് അനന്തമായി നീണ്ടതോടെയാണ് കോടതിക്ക് പുറത്ത് ഒത്തുതീര്‍പ്പിന് വഴിയൊരുങ്ങിയത്.

2002ല്‍ സമാനമായ കേസില്‍ കുടുങ്ങിയതിനെ തുടര്‍ന്ന് രാജ്യത്തെ വന്‍കിട സോഫ്റ്റവെയര്‍ കമ്പനിയായ ഇന്‍ഫോസിസില്‍ നിന്നും മൂര്‍ത്തിയെ പുറത്താക്കിയിരുന്നു. അതിനുശേഷമാണ് മൂര്‍ത്തി ഐ ഗേറ്റിലെത്തിയത്.

Top