ഐജിയുടെ കോപ്പിയടി: സര്‍വകലാശാല ഡെപ്യൂട്ടി രജിസ്ട്രാര്‍ തെളിവെടുപ്പ് നടത്തി

കൊച്ചി: തൃശൂര്‍ റേഞ്ച് ഐജി ടി.ജെ ജോസ് എല്‍എല്‍എം പരീക്ഷയില്‍ കോപ്പിയടിച്ച സംഭവത്തില്‍ എം.ജി സര്‍വകലാശാല ഡെപ്യൂട്ടി രജിസ്ട്രാര്‍ എ.സി ബാബു തെളിവെടുപ്പ് നടത്തി. പരീക്ഷ നടന്ന കളമശേരി സെന്റ് പോള്‍സ് കോളജിലെത്തിയാണ് രജിസ്ട്രാര്‍ തെളിവെടുത്തത്.

പ്രിന്‍സിപ്പല്‍, ഇന്‍വിജിലേറ്റര്‍ എന്നിവരടക്കം അഞ്ചു പേരില്‍ നിന്നും സര്‍വകലാശാലാ അധികൃതര്‍ തെളിവെടുത്തു. കുറ്റത്തിന്റെ വ്യാപ്തി അനുസരിച്ച് ഐ.ജിയെ ഡി ബാര്‍ ചെയ്യണമോ എന്നു തീരുമാനിക്കും. വൈസ് ചാന്‍സിലര്‍ക്ക് ഇന്നുതന്നെ അന്വേഷണ റിപ്പോര്‍ട്ട് നല്കുമെന്നും ഡെ.രജിസ്ട്രാര്‍ പറഞ്ഞു.

തിങ്കളാഴ്ചയാണ് എംജി സര്‍വകലാശാലയുടെ വിദൂര വിദ്യാഭ്യാസ വിഭാഗത്തിന്റെ എല്‍എല്‍എം പരീക്ഷ എഴുതാന്‍ ഐജി ടി.ജെ. ജോസ് ഗൈഡിന്റെ ഫോട്ടോസ്റ്റാറ്റ് കോപ്പിയുമായി എത്തിയത്.

കോപ്പിയടിക്കുന്നതിനിടെ പിടിക്കപ്പെട്ട ഉദ്യോഗസ്ഥനെ ഹാളില്‍ നിന്നും പുറത്താക്കുകയായിരുന്നു. നാലാം സെമസ്റ്ററിലെ ലോ ഓഫ് ക്രൈം രണ്ടാം ഭാഗത്തിന്റെ പരീക്ഷയിലായിരുന്നു കോപ്പിയടി. സംഭവം പുറത്തായതോടെ ഐജിയോടു നിര്‍ബന്ധിത അവധിയില്‍ പോകാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരിക്കുകയാണ്.

Top