ന്യൂഡല്‍ഹി: ഐ.പി.എല്‍ ക്രിക്കറ്റിന്റെ എട്ടാം സീസണിലും വാതുവെപ്പ് വിവാദം. എട്ടാം സീസണ്‍ തുടങ്ങി മൂന്നു ദിവസത്തിനിടെയാണ് വാതുവെപ്പുക്കാരുടെ ഇടനിലക്കാര്‍ സമീപിച്ചതായി രാജസ്ഥാന്‍ റോയല്‍സ് ടീമംഗം വെളിപ്പെടുത്തല്‍ നടത്തിയത്. ഇതുസംബന്ധിച്ച വാര്‍ത്ത ദേശീയ ദിനപത്രത്തിലൂടെയാണ് പുറത്തുവന്നത്. അതേസമയം, എട്ടാം സീസണുമായി ബന്ധപ്പെട്ടല്ല വാതുവെപ്പിന് ശ്രമിച്ചതെന്നും റിപ്പോര്‍ട്ടുണ്ട്.
രഞ്ജി ട്രോഫി ക്രിക്കറ്റ് മത്സരത്തിലെ സഹതാരമാണ് മുംബൈയില്‍ നിന്നുള്ള രാജസ്ഥാന്‍ റോയല്‍സ് താരത്തെ വാതുവെപ്പിനായി സമീപിച്ചത്. ഇക്കാര്യം റോയല്‍സ് താരം കഴിഞ്ഞ മാര്‍ച്ചില്‍ ബി.സി.സി.ഐയുടെ ആന്റി കറപ്ക്ഷന്‍ ആന്‍ഡ് സെക്യൂരിറ്റി യൂണിറ്റു (എ.സി.എസ്.യു) മായി ബന്ധമുള്ള മുതിര്‍ന്ന ഫ്രാഞ്ചൈസി അധികൃതരെ അറിയിച്ചു.
ഇതേതുടര്‍ന്ന് ബി.സി.സി.ഐ അഴിമതി വിരുദ്ധ വിഭാഗം താരത്തെ ചോദ്യം ചെയ്തു. രഞ്ജി ട്രോഫി നടക്കുന്ന വേളയില്‍ ഡ്രസിങ് റൂമില്‍ വെച്ചാണ് സഹതാരം ഇക്കാര്യം പറഞ്ഞ് തന്നെ സമീപിച്ചതെന്ന് റോയല്‍സ് താരം മൊഴി നല്‍കി. അതേസമയം, വാതുവെപ്പിനെ കുറിച്ചുള്ള താരത്തിന്റെ വെളിപ്പെടുത്തലിനോട് പ്രതികരിക്കാന്‍ എ.സി.എസ്.യു തലവന്‍ രവി സവാനി തയാറായില്ല.
ക്രിക്കറ്റിന് തന്നെ നാണക്കേടായ വാതുവെപ്പ് വിവാദം ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ആറാം സീസണിലാണ് ഉടലെടുത്തത്.