ഐ.പി.എല്‍. വാതുവെപ്പ് : വിധി പഠിക്കാന്‍ ആറംഗ പ്രവര്‍ത്തക സമിതിയെ ചുമതലപ്പെടുത്തി

മുംബൈ: ഐപിഎല്‍ വാതുവെപ്പ് കേസില്‍ ലോധ കമ്മിറ്റിയുടെ വിധി പഠിക്കാന്‍ ബിസിസിഐ ഉപസമിതി രൂപീകരിച്ചു. ഐപിഎല്‍ ചെയര്‍മാന്‍ രാജീവ് ശുക്ല അധ്യക്ഷനായ സമിതി ആറാഴ്ചക്കുള്ളില്‍ വിധി പഠിച്ച് റിപ്പോര്‍ട്ട് നല്‍കും. ഐ.പി.എല്‍. വാതുവെപ്പ് സംഭവത്തില്‍ തെറ്റുകാരാണെന്ന് കണ്ടെത്തിയ ചെന്നൈ സൂപ്പര്‍ കിങ്‌സിനെയും രാജസ്ഥാന്‍ റോയല്‍സിനെയും സുപ്രീംകോടതി നിയോഗിച്ച ജസ്റ്റിസ് ലോധ കമ്മിറ്റി രണ്ടുവര്‍ഷത്തേക്ക് വിലക്കിയിരുന്നു.

ഐപിഎല്ലിനുള്ള മാര്‍ഗരേഖ തയാറാക്കാനും വിധിയെക്കുറിച്ച് പഠിച്ച് ഐപിഎല്‍ ടീമുകളുടെ ഓഹരി ഉടമകളുടെ താല്‍പര്യം സംരക്ഷിക്കാനുമാണ് ഉപസമതി രൂപികരിച്ചത്. ആറ് മാസത്തിനുള്ളില്‍ ഇവര്‍ സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടിന്മേല്‍ ബിസിസിഐ ഭരണ സമതിയുടെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തിയതിന് ശേഷമായിരിക്കും അന്തിമ തീരുമാനം.

ഐപിഎല്ലിന്റെ നടത്തിപ്പിനെ കുറിച്ച് ഓഹരി ഉടമകള്‍, സ്‌പോണ്‍സേഴ്‌സ്, ബ്രോഡ്കാസ്റ്റേഴ്‌സ്, സ്റ്റേറ്റ് അസോസിയേഷന്‍, ലീഗല്‍ എക്‌സ്‌പേര്‍ട്ട് തുടങ്ങിയവരോടും ചര്‍ച്ചയുണ്ടാകും. എല്ലാവരുടേയും അഭിപ്രായം ആരാഞ്ഞതിന് ശേഷം മികച്ച രീതിയില്‍ ഐപിഎല്ലിന്റെ ഒന്‍പതാം സീസണ്‍ നടത്താനാണ് ശ്രമിക്കുന്നത്. ചെന്നൈയെയും രാജസ്ഥാനെയും പിരിച്ചുവിടണമെന്ന ആവശ്യം യോഗത്തില്‍ ശക്തമായി ഉയര്‍ന്നെങ്കിലും അത്തരമൊരു തീരുമാനമെടുക്കാതെ, അതിന്റെ ആഘാതം പഠിച്ച് തീരുമാനമെടുക്കാമെന്ന നിലപാടാണ് യോഗം കൈക്കൊണ്ടത്.

Top