ന്യൂഡല്‍ഹി: ഇന്റര്‍നാഷണല്‍ പ്രീമിയര്‍ ടെന്നീസ് ലീഗിന്റെ രണ്ടാം സീസണിനുള്ള ഇന്ത്യന്‍ എയ്‌സ് ടീമിനെ സ്പാനിഷ് താരം റാഫേല്‍ നദാല്‍ നയിക്കും. ടീമിന്റെ മാര്‍ക്വീ താരമായി നദാലിനെ നിശ്ചയിച്ചു.
കഴിഞ്ഞ സീസണില്‍ ടീമിന്റെ മാര്‍ക്വീ താരമായിരുന്ന റോജര്‍ ഫെഡറര്‍ ഇത്തവണ യു.എ.ഇ. റോയല്‍സിലാണ്. കഴിഞ്ഞവര്‍ഷം നാല് ടീമുകളാണ് ലീഗില്‍ കളിച്ചതെങ്കില്‍ ഇത്തവണ ജപ്പാന്‍ വാറിയേഴ്‌സ് എന്ന ടീം കൂടിയുണ്ട്. ലിയാന്‍ഡര്‍ പേസ് ജപ്പാന്‍ ടീമിലാണ് കളിക്കുന്നത്.
യു.എ.ഇ. റോയല്‍സ്, ഫിലിപ്പെയ്ന്‍ മാവെറിക്‌സ്, സിംഗപ്പൂര്‍ സ്ലാമേഴ്‌സ്, ജപ്പാന്‍ വാറിയേഴ്‌സ ടീമുകളാണ് ലീഗിലുള്ളത്.
ഇന്ത്യന്‍ എയ്‌സ് ടീമില്‍ നദാലിന് പുറമേ ഫ്രഞ്ച് താരം ഗെയ്ല്‍ മോണ്‍ഫില്‍സ്, പോളണ്ട് താരം അഗ്‌നെസ്‌ക റുഡ്വാന്‍സ്‌ക, ഫ്രഞ്ച് താരം ഫാബ്രിക് സാന്‍ഡ്രോ, ക്രോയേഷ്യന്‍ താരം ഇവാന്‍ ഡോഡിഗ്, എന്നിവര്‍ക്ക് പുറമേ ഇന്ത്യന്‍ ഡബിള്‍സ് താരങ്ങളായ സാനിയ മിര്‍സ, രോഹന്‍ ബൊപ്പണ്ണ എന്നിവര്‍ ടീമിലുണ്ട്.
അഞ്ച് രാജ്യങ്ങളിലെ നഗരങ്ങളിലായിട്ടാണ് ലീഗ് നടക്കുന്നത്. ഡിംസബര്‍ രണ്ടിന് ജപ്പാനില്‍ തുടങ്ങുന്ന ലീഗ് 20ന് സിംഗപ്പൂരില്‍ അവസാനിക്കും. ഇന്ത്യയിലെ മത്സരങ്ങള്‍ 10 മുതല്‍ 12 വരെയാണ്. ഫെഡററുടെ ടീമായ യു.എ.ഇ.യുമായി ഇന്ത്യന്‍ എയ്‌സിന്റെ കളി 12നാണ്. ഡല്‍ഹിയിലാണ് മത്സരങ്ങള്‍.