തിരുവനന്തപുരം: മുതിര്‍ന്ന രാഷ്ട്രീയ നേതാവ് കെ.ആര്‍.ഗൗരിയമ്മക്കെതിരെ പരാമര്‍ശം നടത്തിയതിന് നിയമസഭ താക്കീതു ചെയ്ത പി.സി. ജോര്‍ജിനെ ഇടതുമുന്നണിക്കും വേണ്ടാതായി.
സി.പി.എമ്മുമായി സഹകരിക്കുന്ന ഗൗരിയമ്മക്കെതിരെ പരാമര്‍ശം നടത്തിയ ജോര്‍ജിനെ പിന്‍തുണക്കേണ്ടെന്ന നിലപാടാണ് സി.പി.എമ്മിന്. ഉമ്മന്‍ചാണ്ടിയുടെ ക്രൈസിസ് മാനേജരായി ചീഫ് വിപ്പ് സ്ഥാനത്ത് തിളങ്ങി നിന്ന പി.സി ജോര്‍ജിനെ അരുവിക്കരയിലെ തോല്‍വിയോടെ ആര്‍ക്കും വേണ്ടാത്ത അവസ്ഥയാണിപ്പോള്‍.
എം.എല്‍.എ സ്ഥാനത്ത് നിന്നും നീക്കാന്‍ കേരള കോണ്‍ഗ്രസ്-എം തീരുമാനിച്ചതോടെ ഇരുമുന്നണിയിലുമല്ലാതെ ഒറ്റപ്പെട്ടിരിക്കുകയാണിപ്പോള്‍ ജോര്‍ജ്. നിയമസഭയില്‍ മുന്‍ ബെഞ്ചില്‍ ഇരുന്നു വിലസിയിരുന്ന ജോര്‍ജ് ചീവ് വിപ്പ് സ്ഥാനം പോയതോടെ നിയമസഭയിലെ പിന്‍ബെഞ്ചുകാരനായി. സഭയില്‍ സംസാരിക്കാന്‍ കേവലം ഒരു മിനുറ്റു മാത്രമാണിപ്പോള്‍ ലഭിക്കുന്നത്.
സോളാര്‍ അഴിമതിയിയും ബാര്‍കോഴക്കേസിലും സുപ്രധാന വിവരങ്ങള്‍ വെളിപ്പെടുത്തി മാധ്യമങ്ങളുടെ കണ്ണിലുണ്ണിയായ ജോര്‍ജിനെ ഇപ്പോള്‍ മാധ്യമങ്ങളും കൈവിട്ടിരിക്കുകയാണ്.
എസ്.ഡി.പി.ഐ അടക്കമുള്ള 24 ഓളം പാര്‍ട്ടികളുടെ പിന്‍തുണയുമായി അരുവിക്കരയില്‍ മത്സരിച്ച ജോര്‍ജിന്റെ അഴിമതി വിരുദ്ധ മുന്നണി സ്ഥാനാര്‍ത്ഥി കെ. ദാസിന് നിഷേധവോട്ടായ നോട്ടക്കും പിന്നിലായി നാണം കെട്ട തോല്‍വി ഏറ്റുവാങ്ങേണ്ടി വന്നതോടെയാണ് ജോര്‍ജിന്റെ ശനിദശ തുടങ്ങിയത്.
നോട്ട 1430 വോട്ടു നേടിയപ്പോള്‍ പി.സി ജോര്‍ജിന്റെ സ്ഥാനാര്‍ത്ഥിക്ക് കേവലം 1197 വോട്ടുമാത്രമാണ് നേടാനായത്. കെട്ടിവച്ച കാശുപോലും കിട്ടിയില്ല. ഇതോടെ നേരത്തെ മുന്നണി പ്രവേശനത്തിന് അനുകൂല നിലപാടെടുത്തിരുന്ന സി.പി.എമ്മും ജോര്‍ജിനെ ഇടതുമുന്നണിയിലേക്കു വേണ്ടെന്ന നിലപാടിലാണ്.
ഗൗരിയമ്മക്കെതിരായ ജോര്‍ജിന്റെ പരാമര്‍ശത്തില്‍ താക്കീതു ചെയ്യാനുള്ള ഉമ്മന്‍ചാണ്ടിയുടെ പ്രമേയത്തെ ഇടതുമുന്നണി പിന്തുണച്ചതും ഇതിന്റെ ഭാഗമാണ്.