ചെന്നൈ: വലിയ പ്രതീക്ഷയോടെ വന്ന വിജയ് ചിത്രമായ പുലി ആരാധകരുടെ പ്രതീക്ഷക്കൊത്ത് ഉയര്‍ന്നില്ലെന്ന് ആക്ഷേപം നിലനില്‍ക്കെ സൂപ്പര്‍സ്റ്റാര്‍ രജനികാന്ത് പുലിയുടെ പ്രദര്‍ശനം കാണാനെത്തിയത് ആരാധകര്‍ക്കും അണിയറ പ്രവര്‍ത്തകര്‍ക്കും ആവേശമായിരിക്കുകയാണ്.
പുതിയ ചിത്രം കബലിയുടെ ചിത്രീകരണത്തിരക്കിനിടലാണ് വിജയിയുടെ പുലി കാണാന്‍ രജനികാന്ത് സമയം കണ്ടെത്തിയത്. രജനിക്കായി പ്രത്യേകപ്രദര്‍ശനമാണ് അണിയറപ്രവര്‍ത്തകര്‍ തയാറാക്കിയത്.
പുലി തന്നെ അമ്പരപ്പിച്ചെന്ന് ചിത്രം കണ്ടിറങ്ങിയതിനു ശേഷം രജനീകാന്ത് പ്രതികരിച്ചു. കണ്ണഞ്ചിപ്പിക്കുന്ന സെറ്റും വിഷ്വല്‍സും സിനിമയെ ഹോളിവുഡ് നിലവാരത്തിലെത്തിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. ഒരു ഫാന്റസി ചിത്രത്തില്‍ അഭിനയിക്കാന്‍ വിജയ് എടുത്ത തീരുമാനം അഭിനന്ദനാര്‍ഹമാണെന്നും കുടുംബങ്ങള്‍ക്കും കുട്ടികള്‍ക്കും പുലി സിനിമ ഒരു വിരുന്ന് തന്നെയാണെന്നും രജനി പറഞ്ഞു.
തമിഴിലും ഹിന്ദിയിലും തെലുങ്കിലുമായി 3500ഓളം സ്‌ക്രീനുകളിലായിരുന്നു ചിത്രം പ്രദര്‍ശനത്തിനെത്തിയത്. ചെന്നൈയില്‍ ചിത്രത്തിന് റിലീസ് ചെയ്ത ആദ്യദിനം മികച്ച സ്വീകരണമാണ് ലഭിച്ചത്. ബാഹുബലിയ്ക്ക് ലഭിച്ച കളക്ഷനെ പുലി മറികടക്കുകയും ചെയ്തു.
ചെന്നൈ ബോക്‌സ്ഓഫീസില്‍ പുലി നേടിയത് 2.84 കോടി രൂപയാണ്. 465 ഷോയില്‍ നിന്നുമാണ് പുലിയ്ക്ക് ഇത്രയും തുക കളക്ഷനായി ലഭിച്ചത്. 363 ഷോയില്‍ നിന്നുമായി ബാഹുബലിയുടെ തമിഴ് , തെലുങ്ക് പതിപ്പ് കളക്ട് ചെയ്തത് 1.66 കോടി രൂപയും.
തമിഴ്‌നാട്ടില്‍ പുലിയ്ക്ക് മികച്ച സ്വീകരണം തന്നെയാണ് ലഭിക്കുന്നത്. ചിത്രം ഇതുവരെ 32 കോടി കളക്ഷന്‍ നേടികഴിഞ്ഞു. 116 കോടിയാണ് ചിത്രത്തിന്റെ മുതല്‍മുടക്ക്.