മെഹ്ഫില്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സജില്‍സ് മജീദ് നിര്‍മിച്ച ഒന്നാം ലോകമഹായുദ്ധം ഇന്നു റിലീസ് ചെയ്യും. ശ്രീ വരുണാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഐപിഎസ് ഓഫിസറായ താര കേരളത്തിലേക്ക് സ്ഥലം മാറ്റപ്പെടുന്നതിലൂടെയാണു സിനിമയുടെ കഥ പുരോഗമിക്കുന്നത്. ബംഗളൂരുവിലെ ഔദ്യോഗിക ജീവിതത്തിനിടയില്‍ നടന്ന ചില സംഭവങ്ങളില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് ഇമേജ് മാറ്റത്തിനായാണ് താര കേരളത്തിലെത്തുന്നത്.
നഗരത്തിലെ മയക്ക് മരുന്ന് ശൃംഖലയുടെ മുഖ്യ കണ്ണിയായ ഡോ. ജേക്കബിനെക്കുറിച്ചുള്ള ചില രഹസ്യ വിവരങ്ങള്‍ ലഭിക്കുന്ന താര അയാള്‍ക്കെതിരേ പ്രവര്‍ത്തിക്കുന്നു. മയക്കുമരുന്നു മാഫിയയുടെ വേരറുക്കാനുള്ള താരയുടെ പോരാട്ടമാണ് സിനിമയുടെ ഇതിവൃത്തം. അപര്‍ണ ഗോപിനാഥ്, ചെമ്പന്‍ വിനോദ്, ജോജു ജോര്‍ജ്, ടൊവിനൊ തോമസ്, ബാലു വര്‍ഗീസ് എന്നിവര്‍ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. റെഡ് റോസാണ് ചിത്രം പ്രദര്‍ശനത്തിനെത്തിക്കുന്നത്. തൈക്കൂടം ബ്രിഡ്ജിലെ ഗോവിന്ദ് മേനോനാണ് സംഗീതം.
റിലീസ് ദിവസത്തെ കലക്ഷന്‍ പൂര്‍ണമായും തൃശൂരില്‍ വിവാദ വ്യവസായി നിസാം വാഹനമിടിച്ചു കൊലപ്പെടുത്തിയ സെക്യൂരിറ്റി ജീവനക്കാരന് ചന്ദ്രബോസിന്റെ കുടുംബത്തിനു നല്കുമെന്നു നിര്‍മാതാവ് സജില്‍സ് മജീദ് പറഞ്ഞു. സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത നഷ്ടപരിഹാര തുക പോലും ചന്ദ്രബോസിന്റെ കുടുംബത്തിന് ലഭിച്ചിട്ടില്ല. ഇതിനാലാണ് തന്റെ നാട്ടുകാരന് കൂടിയായ ചന്ദ്രബോസിന്റെ കുടുംബത്തിനു റിലീസ് ദിനത്തിലെ മുഴുവന്‍ തുകയും നല്കാന് തീരുമാനിച്ചതെന്നും സജില്‍സ് അറിയിച്ചു. ഹരിപ്രസാദ് ഋഷി സൂര്യ എന്നിവരാണ് തിരക്കഥ. ഗിരീഷ് പുത്തഞ്ചേരിയുടെ മകന് ദിന്‍നാഥ് പുത്തഞ്ചേരിയാണ് ഗാനങ്ങള്‍. പാപ്പിനുവാണ് ക്യാമറ.