ഒന്നാമനായി തിളങ്ങിയ പിണറായി ഇനി സിപിഎം രാഷ്ട്രീയത്തില്‍ മൂന്നാമനാകും..?

ആലപ്പുഴ: ഒന്നാമനായി 16വര്‍ഷം സംസ്ഥാനത്ത് സിപിഎമ്മിനെ നയിച്ച പിണറായി വിജയന്‍ ആലപ്പുഴ സമ്മേളനത്തിന്റെ കൊടിയിറങ്ങുമ്പോള്‍ പാര്‍ട്ടിയില്‍ സംസ്ഥാനത്ത് രണ്ടാമനായി മാറും.

വി.എസ് പ്രതിപക്ഷ നേതൃസ്ഥാനത്ത് തുടരുകയാണെങ്കില്‍ പ്രത്യക്ഷത്തില്‍ മൂന്നാമന്റെ റോളെ തല്‍ക്കാലത്തേക്കാണെങ്കില്‍ പോലും ഇനി പിണറായിക്കുണ്ടാകൂ. സിപിഎം സംസ്ഥാന സെക്രട്ടറിയാകുന്ന കോടിയേരി ബാലകൃഷ്ണനായിരിക്കും പാര്‍ട്ടിയില്‍ ഒന്നാമന്‍. പ്രതിപക്ഷ ഉപനേതാവയതിനാല്‍ വി.എസിന് താഴെ തന്നെ പാര്‍ലമെന്ററി രാഷ്ട്രീയത്തില്‍ കോടിയേരിക്ക് നല്‍കേണ്ടിവരുമെന്നതിനാല്‍ പ്രതിപക്ഷ ഉപനേതൃസ്ഥാനം എം.എ ബേബിക്കോ, ഇ.പി ജയരാജനോ കൈമാറേണ്ടിവരും.

എം.എ ബേബിക്കാണ് പ്രതിപക്ഷ ഉപനേതൃസ്ഥാനം കൈമാറുന്നതെങ്കില്‍ കേടിയേരിക്കും വി.എസിനും എം.എ ബേബിക്കും കീഴില്‍ മാത്രമേ സിപിഎം രാഷ്ട്രീയത്തില്‍ പിണറായിക്ക് സ്ഥാനമുണ്ടാകൂ.

ഇടതുമുന്നണി നേതൃയോഗങ്ങളിലും ഈ സാഹചര്യമാണ് തുടരുക. കരുത്തുറ്റ നേതൃപാടവത്തോടെ എതിരാളികളെ വിറപ്പിച്ച പിണറായി വിജയന് അടുത്ത നിയമസഭാ തെരെഞ്ഞെടുപ്പ് വരെ മൂന്നാമനായൊ നാലാമനായൊ സംസ്ഥാനത്ത് പ്രവര്‍ത്തിക്കേണ്ടിവരുന്ന സാഹചര്യത്തെ രാഷട്രീയ നിരീക്ഷകരും ആകാംഷയോടെയാണ് വീക്ഷിക്കുന്നത്.

ഈ ഒരു വെല്ലുവിളിയെ പിണറായിക്ക് അതിജീവിക്കണമെങ്കില്‍ വി.എസ് അച്യുതാനന്ദന്‍ പാര്‍ലമെന്ററി രാഷ്ട്രീയത്തോട് വിടപറയേണ്ടത് അനിവാര്യമാണ്.
നിലവിലെ സാഹചര്യത്തില്‍ വി.എസിനെതിരായി സിപിഎമ്മില്‍ നടക്കുന്ന പടപ്പുറപ്പാടുകളെ രാഷ്ട്രീയ നിരീക്ഷകര്‍ ആ അര്‍ത്ഥത്തില്‍ തന്നെയാണ് വീക്ഷിക്കുന്നത്.

ഇനിയും ഒരങ്കത്തിന് തനിക്ക് ശേഷിയുണ്ടെന്ന് പ്രഖ്യാപിക്കുന്ന വി.എസ്, പാര്‍ലമെന്ററി രാഷട്രീയത്തോട് വിടപറയാന്‍ ഉദ്ദേശിക്കുന്നില്ലെന്നതും യാഥാര്‍ത്ഥ്യമാണ്. ഇടതുപക്ഷത്ത് മറ്റ് ഏത് നേതാവിനേക്കാളും ജനപിന്‍തുണ ഇപ്പോഴും തനിക്ക് തന്നെയാണെന്ന ആത്മവിശ്വാസം മുന്‍നിര്‍ത്തിയാണ് വി.എസിന്റെ കരുനീക്കം.

സംസ്ഥാനത്തെ ഔദ്യോഗിക വിഭാഗത്തെ എന്നും പിന്‍തുണച്ചിരുന്ന ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് വിജയവാഡ പാര്‍ട്ടി കോണ്‍ഗ്രസില്‍ സ്ഥാനമൊഴിയുമെന്നതും വി.എസിന്റെ പ്രതീക്ഷ വര്‍ദ്ധിപ്പിക്കുന്ന ഘടകമാണ്. വി.എസിന് സമാനമായി കേന്ദ്ര നേതൃത്വത്തിനെതിരെ വിമര്‍ശനമുന്നയിക്കുകയും ‘ബദല്‍ കത്ത് ‘ അവതരിപ്പിക്കുകയും ചെയ്ത പോളിറ്റ്ബ്യൂറോ അംഗം സീതാറാം യച്ചൂരി ബംഗാള്‍തൃപുര ഘടകങ്ങളുടെ പിന്‍തുണയോടെ ജനറല്‍ സെക്രട്ടറിയാകുമെന്നാണ് വി.എസിന്റെ പ്രതീക്ഷ.

ആച്ചടക്കത്തിന്റെ വാള്‍ വി.എസിന് നേരെ പലപ്പോഴും വീശിയപ്പോള്‍ നിലത്ത് വീഴാതെ താങ്ങി നിര്‍ത്താനും നടപടി ലഘൂകരിക്കാനും യച്ചൂരിയും ബംഗാള്‍ ഘടകവും ത്രിപുര മുഖ്യമന്ത്രി മാണിക് സര്‍ക്കാരുമാണ് വി.എസിന് തുണയായിരുന്നത്. പാര്‍ട്ടി കോണ്‍ഗ്രസില്‍ വി.എസിനെ കേന്ദ്ര കമ്മറ്റിയില്‍ നിന്ന് വെട്ടിനിരത്തിയില്ലെങ്കില്‍ അത് വലിയ പ്രതിസന്ധിയുണ്ടാക്കുമെന്ന് തിരിച്ചറിഞ്ഞാണ് സിപിഎം സംസ്ഥാന കമ്മറ്റി വി.എസിനെതിരെ ഇപ്പോള്‍ നിലപാട് കടുപ്പിച്ചിട്ടുള്ളത്.

പാര്‍ട്ടിക്ക് നല്‍കിയ കത്ത് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിനല്‍കിയതിനും പാര്‍ട്ടി ശാസനാ പ്രമേയത്തിനെതിരെ പരസ്യമായി തുറന്നടിച്ചതിനും വിഎസിനെതിരെ നടപടിയുണ്ടായേ തീരു എന്ന കടുത്ത നിലപാടിലാണ് സംസ്ഥാന നേതൃത്വം. മിനിമം വി.എസിനെ സംസ്ഥാന കമ്മറ്റിയിലേക്ക് തരംതാഴ്ത്തണമെന്നതാണ് അവരുടെ ആവശ്യം. അങ്ങനെ വന്നാല്‍ വി.എസിനെ പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് മാറ്റുന്നതടക്കമുള്ള കാര്യങ്ങളില്‍ സംസ്ഥാന കമ്മറ്റിക്ക് തന്നെ തീരുമാനമെടുക്കാന്‍ കഴിയും.

ഈ അപകടം മുന്നില്‍ കണ്ടാണ് രണ്ടും കല്‍പ്പിച്ച് വി.എസ് ഇപ്പോള്‍ രംഗത്തിറങ്ങിയിരിക്കുന്നത്. നിലവിലെ സാഹചര്യത്തല്‍ സംസ്ഥാന സമ്മേളനത്തില്‍ വി.എസിനെതിരെ ഉയരുന്ന വിമര്‍ശനങ്ങള്‍ ഔദ്യോഗിക വിഭാഗം പ്ലാന്‍ ചെയ്ത് വരുത്തിക്കുന്നതാണെന്ന് വി.എസ് കേന്ദ്ര നേതൃത്വത്തിന് മുന്നില്‍ വാദിക്കും.

ആം ആദ്മി പാര്‍ട്ടി അടക്കമുള്ള ബദല്‍ സാധ്യതകളുടെ വാതില്‍ കൊട്ടിയടക്കാതെയാണ് ഈ മുതിര്‍ന്ന കമ്യൂണിസ്റ്റിന്റെ തന്ത്രപരമായ നീക്കം. പിണറായി സ്വീകരിക്കുന്നത് പോലെ കര്‍ക്കശ നിലപാട് പുതുതായി വരുന്ന പാര്‍ട്ടി സെക്രട്ടറിക്ക് സ്വീകരിക്കാന്‍ പറ്റില്ലെന്നും ഔദ്യോഗിക ചേരിയിലെ ഭിന്നതക്കാണ് നേതൃമാറ്റം കാരണമാവുകയെന്നും വി.എസ് കണക്ക് കൂട്ടുന്നുണ്ട്.

Top