ഒബാമയുടെ സന്ദര്‍ശനം: ഒരുങ്ങുന്നത് ഇന്ത്യ ഇതുവരെ കണ്ടിട്ടില്ലാത്ത സുരക്ഷ

ന്യൂഡല്‍ഹി: ഇന്ത്യന്‍ ചരിത്രത്തില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള സുരക്ഷയാണ് ഒബാമയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് രാജ്യത്ത് ഒരുക്കുന്നത്. ഒബാമയുടെ സുരക്ഷാക്രമീകരണങ്ങള്‍ വിലയിരുത്താന്‍ അമേരിക്കന്‍ രഹസ്യാന്വേഷണ സുരക്ഷാ ഏജന്‍സി അധികൃതര്‍ ഇന്ത്യയിലെത്തിക്കഴിഞ്ഞു.

അമേരിക്കന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വാഹനമായ ‘ബീറ്റ്‌സില്‍’ ഒബാമ യാത്ര ചെയ്യില്ലെന്നാണ് അറിയാന്‍ കഴിയുന്നത്. ഇന്ത്യന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക കാറിലായിരിക്കും ഒബാമ സഞ്ചരിക്കുക.

രാജ്പഥിലെ വി.വി.ഐ.പികളുടെ സ്ഥാനങ്ങള്‍ക്കു ചുറ്റും ഏഴു തലങ്ങളിലുള്ള സുരക്ഷാ വലയമാണ് ഒരുക്കുക. എസ്പിജിയുടെയും അമേരിക്കന്‍ സീക്രട്ട് സര്‍വീസിന്റെയും സുരക്ഷാ ഉദ്യോഗസ്ഥരായിരിക്കും വിവിഐപികള്‍ക്കു ചുറ്റുമുള്ള ഏറ്റവും അടുത്ത രണ്ട് വലയങ്ങളില്‍ നിലയുറപ്പിക്കുക. ഈ മേഖലയിലെ വ്യോമഗതാഗതം പരിശോധിക്കുന്നതിന് റഡാറും സ്ഥാപിക്കും.

അമേരിക്കന്‍ സീക്രട്ട് സര്‍വീസിന്റെ ഉന്നത ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഡല്‍ഹിയിലും ആഗ്രയിലും സന്ദര്‍ശനം നടത്തിയിരുന്നു. അമേരിക്കയുടെ ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (എഫ്.ബി.ഐ). സെന്‍ട്രല്‍ ഇന്റലിജന്‍സ് ഏജന്‍സി(സി.ഐ.എ), നാഷണല്‍ സെക്യൂരിറ്റി ഏജന്‍സി (എന്‍.എസ്.എ) എന്നിവയുടെ വന്‍ സംഘങ്ങളും ന്യൂഡല്‍ഹിയില്‍ എത്തിയിട്ടുണ്ട്.

ഡല്‍ഹി പൊലീസിന്റെ 80,000 സുരക്ഷാ ഉദ്യോഗസ്ഥരും 20,000 സമാന്തരസൈനിക ഉദ്യോഗസ്ഥരെയും രാജസ്ഥാന്‍, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള സുരക്ഷാ ഉദ്യോഗസ്ഥരെയും രാജ്പഥിന് അഞ്ച് കിലോമീറ്റര്‍ ചുറ്റളവില്‍ മാത്രം വിന്യസിക്കും.

സുരക്ഷയുടെ ഭാഗമായി രാജ്പഥിലേക്കുള്ള അനാവശ്യ റോഡുകളെല്ലാം അടച്ചിരിക്കുകയാണ്. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായാണ് ഒബാമ ഇന്ത്യയിലെത്തുന്നത്. ഭാര്യ മിഷേലും ഒബാമയ്‌ക്കൊപ്പം എത്തുന്നുണ്ട്.

Top