ഒബാമയുടെ സന്ദര്‍ശനം: രാജ്യം കനത്ത സുരക്ഷാ വലയത്തില്‍

ന്യൂഡല്‍ഹി: അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ സന്ദര്‍ശനം പ്രമാണിച്ച് രാജ്യം കനത്ത സുരക്ഷാ വലയത്തില്‍. റിപ്പബ്ലിക് ദിനത്തില്‍ ഒബാമയായിരിക്കും മുഖ്യാതിഥി. റിപ്പബ്ലിക് ദിനത്തില്‍ മുഖ്യാതിഥിയായി എത്തുന്ന ആദ്യത്തെ അമേരിക്കന്‍ പ്രസിഡന്റാണ് ഒബാമ. ആഗ്രയിലെത്തി താജ്മഹല്‍ സന്ദര്‍ശിച്ചതിന് ശേഷമാകും ഒബാമയും ഭാര്യയും മടങ്ങുക.

നാളെ രാവിലെ 10 മണിയോടെ ഡല്‍ഹിയില്‍ വിമാനം ഇറങ്ങുന്ന ബരാക് ഒബാമയ്ക്കും ഭാര്യ മിഷേലിനും ഊഷ്മള വരവേല്‍പ്പാണ് രാജ്യം നല്‍കുക. കേന്ദ്ര ഊര്‍ജ്ജ മന്ത്രി പീയുഷ് കോയല്‍ അമേരിക്കന്‍ പ്രസിഡന്റിനെയും സംഘത്തെയും വിമാനത്താവളത്തില്‍ സ്വീകരിക്കും.പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ വിമാനത്താവളത്തിലെത്തി ഒബാമയെ സ്വീകരിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.

രാഷ്ട്രപതി ഭവനിലാണ് സ്വീകരണ ചടങ്ങുകള്‍ നടക്കുക. നാളെ ഉച്ചയോടെ തന്നെ ഹൈദാരാബാദ് ഹൗസില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ഒബാമയും കൂടിക്കാഴ്ച നടത്തും. നയതന്ത സഹകരണം വര്‍ധിപ്പിക്കല്‍ ചര്‍ച്ചയാകുന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം ഹൈദരാബാദ് ഹൗസില്‍ പ്രധാനമന്ത്രി ഒരുക്കുന്ന അത്താഴ വിരുന്നില്‍ ഒബാമ പങ്കെടുക്കും.

ഉച്ചയ്ക്ക് ശേഷം ഉഭയകക്ഷി ചര്‍ച്ച കഴിഞ്ഞ് മോദിയും ഒബാമയും സംയുക്ത പ്രസ്താവനയും നടത്തും. ഊര്‍ജ്ജം പ്രതിരോധം, തീവ്രവാദം, രാജ്യസുരക്ഷ, എന്നി മേഖലകളില്‍ ഇന്ത്യയും അമേരിക്കയും സഹകരണ കരാര്‍ ഒപ്പ് വയ്ക്കും. തുടര്‍ന്ന് രാഷ്ട്രപതിയുടെ അത്താഴ വിരുന്നില്‍ പങ്കെടുക്കും.

Top