ഒരു രൂപ കറന്‍സി നോട്ടുകള്‍ തിരിച്ചുവരുന്നു

ന്യൂഡല്‍ഹി: രാജ്യത്ത് ഒരു രൂപ നോട്ടുകള്‍ തിരിച്ചെത്തുന്നു. 20 വര്‍ഷങ്ങള്‍ക്ക് ശേഷം പുതിയ മാറ്റങ്ങള്‍വരുത്തി പരിഷ്‌കരിച്ചാണ്‌ കറന്‍സി നോട്ടുകള്‍ തിരികെയെത്തുന്നത്. പഴയ നിറമായിരുന്ന ഇന്‍ഡിഗോ നിറത്തിനു പകരം പിങ്ക്, പച്ച നിറങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയായിരിക്കും പുതിയ കറന്‍സി ഇറക്കുന്നത്.

നോട്ടിന്റെ മുകള്‍ ഭാഗത്തായി ഭാരത് സര്‍ക്കാര്‍ എന്ന് ഹിന്ദിയിലും ഗവണ്‍മെന്റ് ഓഫ് ഇന്ത്യ എന്ന് മലയാളത്തിലും രേഖപ്പെടുത്തും. കറന്‍സിയിലെ ഒരു രൂപ നാണയത്തിന്റെ ചിത്രത്തില്‍ 2015 എന്നു രേഖപ്പെടുത്തും. രാജ്യത്തിന്റെ എണ്ണ പര്യവേഷണ കേന്ദ്രമായ സാഗര്‍ സാമ്രാട്ടിന്റെ ചിത്രവും കറന്‍സിയില്‍ ഉണ്ടായിരിക്കും. മധ്യഭാഗത്ത് താഴെയായി വര്‍ഷം രേഖപ്പെടുത്തും. മറ്റു കറന്‍സികള്‍ക്കു സമാനമായി 15 ഭാഷകളില്‍ മൂല്യം രേഖപ്പെടുത്തും.

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ചെറിയ തുകകളുടെ കറന്‍സിയെക്കാള്‍ നാണയങ്ങള്‍ക്കാണ് സര്‍ക്കാരും റിസര്‍വ് ബാങ്കും പ്രാധാന്യം നല്‍കുന്നത്. ഉത്പാദനച്ചെലവ് കൂടിയതും ഒരു രൂപയുടെയും രണ്ടു രൂപയുടെയും കറന്‍സികള്‍ പുറത്തിറക്കുന്നതിന് തടസ്സമായി.

മറ്റു നോട്ടുകളില്‍ നിന്നും വ്യത്യസ്തമായി കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കുന്ന ഒരേയൊരു കറന്‍സിയാണ് ഒരു രൂപയുടേത്. മറ്റുള്ളവ പുറത്തിറക്കുന്നത് റിസര്‍വ് ബാങ്കാണ്. ധനകാര്യ സെക്രട്ടറിയാണ് ഒരു രൂപയില്‍ ഒപ്പു വെയ്ക്കുന്നത്. മറ്റെല്ലാ കറന്‍സികളിലും ഒപ്പു വെയ്ക്കുന്നത് റിസര്‍വ് ബാങ്ക് ഗവര്‍ണറാണ്.

Top