ഒരേ റാങ്ക് ഒരേ പെന്‍ഷന്‍ പദ്ധതി പ്രഖ്യാപനം ഉടനുണ്ടായേക്കും

ന്യൂഡല്‍ഹി: ഒരേ റാങ്ക് ഒരേ പെന്‍ഷന്‍ പദ്ധതി നടപ്പാക്കുന്നത് സംബന്ധിച്ച് ഉടന്‍ തീരുമാനമുണ്ടാകുമെന്ന് സൂചന. ആര്‍.എസ്.എസ് സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് പദ്ധതി ഉടന്‍ നടപ്പാക്കുന്നതെന്നാണ് സൂചന. ആര്‍.എസ്.എസ്സിന്റെ നേതൃത്വത്തില്‍ നടക്കുന്ന ത്രിദിന സമ്മേളനത്തില്‍ വിഷയം ചര്‍ച്ചയായിരുന്നു.

ഒരേ റാങ്കിന് ഒരേ പെന്‍ഷന്‍ പദ്ധതിയാവശ്യപ്പെട്ട് ഡല്‍ഹിയില്‍ വിമുക്തഭടന്മാര്‍ നിരാഹാരം തുടരുകയാണ്. ഒരേപദവിയും സേവനകാലാവധിയുമുള്ള വിമുക്തഭടന്മാര്‍ക്ക് അവര്‍ വിരമിച്ച തീയതി നോക്കാതെ ഒരേ പെന്‍ഷന്‍ നല്‍കണമെന്നാണ് ആവശ്യം. സര്‍ക്കാര്‍ തത്ത്വത്തില്‍ ഇത് അംഗീകരിച്ചിട്ടുമുണ്ട്.

ഓരോ വര്‍ഷവും പെന്‍ഷന്‍ പരിഷ്‌കരിക്കണമെന്ന വിമുക്തഭടന്മാരുടെ ആവശ്യമാണ് ഇപ്പോള്‍ പദ്ധതി നടപ്പാക്കുന്നതില്‍ മുഖ്യതടസ്സമാകുന്നത്.

ത്രിദിന സമ്മേളനത്തില്‍ ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്, ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി, വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്, പ്രതിരോധമന്ത്രി മനോഹര്‍ പരീഖര്‍, ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി, നഗര വികസനമന്ത്രി വെങ്കയ്യ നായിഡു, രാസവള മന്ത്രി ആനന്ദ് കുമാര്‍, ആരോഗ്യമന്ത്രി ജെ.പി. നഡ്ഡ തുടങ്ങിയവരും ബി.ജെ.പി. അധ്യക്ഷന്‍ അമിത് ഷായും പങ്കെടുത്തു. ആര്‍.എസ്.എസ്. മേധാവി മോഹന്‍ ഭാഗവതാണ് അധ്യക്ഷത വഹിച്ചത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും വെള്ളിയാഴ്ച സമ്മേളനത്തില്‍ പങ്കെടുക്കുമെന്നറിയുന്നു. സംഘപരിവാര്‍ സംഘടനകള്‍ക്ക് ബി.ജെ.പി. സര്‍ക്കാരുമായുള്ള അഭിപ്രായവ്യത്യാസങ്ങള്‍ സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. ആര്‍.എസ്.എസ്സിന് പുറമേ 15 പരിവാര്‍ സംഘടനകളുടെ പ്രതിനിധികളും സമ്മേളനത്തിലുണ്ട്.

Top