ഓണ്‍ലൈന്‍ പെണ്‍വാണിഭം; മുഖ്യകണ്ണി തിരുവനന്തപുരത്ത് അറസ്റ്റില്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഓണ്‍ലൈന്‍ വഴി പെണ്‍വാണിഭം നടത്തി വന്ന കേസിലെ മുഖ്യകണ്ണി പിടിയില്‍. തിരുവനന്തപുരം കരമന സ്വദേശി മനുവാണ് പിടിയിലായത്. സ്ത്രീകളെ ആവശ്യക്കാര്‍ക്കു എത്തിച്ചിരുന്നത് ഇയാളെന്നാണ് കരുതുന്നത്. കേസില്‍ എട്ടു പേരെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു. സംഘത്തിലെ നാലു യുവതികളെയും ഒരു പതിനഞ്ചുകാരനെയും ഇരകളുടെ ആനുകൂല്യം നല്‍കി നിയമനടപടികളില്‍നിന്ന് ഒഴിവാക്കിയിരുന്നു.

വെള്ളിയാഴ്ച രാത്രിയിലും ശനിയാഴ്ച പുലര്‍ച്ചെയുമായിട്ടായിരുന്നു തിരുവനന്തപുരം, കൊല്ലം എന്നിവിടങ്ങളിലെപെണ്‍വാണിഭ സംഘങ്ങളുടെ രഹസ്യകേന്ദ്രങ്ങളില്‍ പോലീസ് റെയ്ഡ് നടത്തിയത്. കൊല്ലം ബീച്ചിനു സമീപത്തുനിന്നും തിരുവനന്തപുരത്തുനിന്നുമാണു പ്രതികളെ പിടികൂടിയത്.

ഓണ്‍ലൈന്‍ വഴി പെണ്‍വാണിഭം നടത്തുന്നതില്‍ കുട്ടികളെയും ഇരയാക്കുന്നുവെന്ന രഹസ്യവിവരത്തെത്തുടര്‍ന്ന് ഇതേക്കുറിച്ച് അന്വേഷിക്കാന്‍ ഡിജിപി ടി.പി. സെന്‍കുമാര്‍ ഒരു പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു. സൈബര്‍ പോലീസ് ഉള്‍പ്പെട്ട സംഘം നടത്തിയ അന്വേഷണമാണു പ്രതികളെ പിടികൂടാന്‍ സഹായിച്ചത്.

Top