ഓണ്‍ലൈന്‍ ഫാഷന്‍ റീട്ടെയില്‍ സംരംഭമായ ജബോങ്ങിനെ വില്‍ക്കാന്‍ ഒരുങ്ങുന്നു

ന്യൂഡല്‍ഹി: വന്‍ നഷ്ടത്തെ തുടര്‍ന്ന് ഓണ്‍ലൈന്‍ ഫാഷന്‍ റീട്ടെയില്‍ സംരംഭമായ ജബോങ്ങിനെ വില്‍ക്കാന്‍ ഉടമകളായ ഗ്ലോബല്‍ ഫാഷന്‍ ഗ്രൂപ്പ് ഒരുങ്ങുന്നു.

എം-കൊമേഴ്‌സ് സംരംഭമായ പേടിഎമ്മിന്റെ ഉടമകളായ വണ്‍ 97 ഉള്‍പ്പെടെ ഏതാനും കമ്പനികളുമായി ഇതു സംബന്ധിച്ച പ്രാരംഭ ചര്‍ച്ചകള്‍ നടക്കുകയാണെന്നാണ് സൂചന. ഇ-കൊമേഴ്‌സ് രംഗത്തേക്ക് ഇറങ്ങാന്‍ ഒരുങ്ങുന്ന ആദിത്യ ബിര്‍ള ഗ്രൂപ്പിനും ജബോങ്ങില്‍ കണ്ണുണ്ട്.

കഴിഞ്ഞ വര്‍ഷം ജബോങ്ങിനെ ഏറ്റെടുക്കാന്‍ ഇകൊമേഴ്‌സ് കമ്പനിയായ ആമസോണ്‍ ഒരുങ്ങിയതാണെങ്കിലും ഇടപാട് നടന്നില്ല.ഉയര്‍ന്ന വില ചോദിച്ചതാണ് കാരണം.

2011ല്‍ പ്രവര്‍ത്തനം തുടങ്ങിയ ജബോങ് ഇതിനോടകം 300 കോടി രൂപയുടെ മൂലധനം സ്വരൂപിച്ചിട്ടുണ്ട്. 2014 ഡിസംബറില്‍ അവസാനിച്ച വര്‍ഷത്തില്‍ കമ്പനിയുടെ വിറ്റുവരവ് 811 കോടി രൂപയായിരുന്നു. 454 കോടി രൂപയുടെ നഷ്ടത്തിലാണ് കമ്പനി.

ഇതിനിടെ, ജബോങ്ങിന്റെ സഹസ്ഥാപകരായ അരുണ്‍ ചന്ദ്രമോഹന്‍, പ്രവീണ്‍ സിന്‍ഹ എന്നിവര്‍ കമ്പനി വിടുമെന്ന് അഭ്യൂഹങ്ങളുണ്ട്.

ഇടപാട് നടന്നാല്‍ അത് ഇന്ത്യന്‍ ഇകൊമേഴ്‌സ് രംഗത്തെ ഏറ്റവും വലിയ ഏറ്റെടുക്കലുകളില്‍ ഒന്നാകും. കഴിഞ്ഞ വര്‍ഷം ഇകൊമേഴ്‌സ് ഫാഷന്‍ പോര്‍ട്ടലായ മിന്ത്രയെ ഫ്‌ളിപ്കാര്‍ട്ട് ഏറ്റെടുത്തിരുന്നു

Top