ന്യൂഡല്‍ഹി: അടുത്ത കാലത്ത് ട്രെന്‍ഡ് ആയി മാറിയ ഓണ്‍ലൈന്‍ വ്യാപാരത്തിന് നികുതി ഏര്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ നിയമനടപടികള്‍ സ്വീകരിക്കണമെന്ന് കേരളം ആവശ്യപ്പെട്ടു. ചരക്കുസേവന നികുതിയുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ നടന്ന ഉന്നതതലസമിതി യോഗത്തിലാണ് കേരളം നിലപാട് അറിയിച്ചത്.
സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നേരിടുന്ന പശ്ചാത്തലത്തില്‍ ഓണ്‍ലൈന്‍ വ്യാപാരത്തിന് നികുതി ഏര്‍പ്പെടുത്താത്തത് സംസ്ഥാനത്തിന് പ്രതികൂലമാകുന്നതായി ചൂണ്ടികാണിച്ചാണ് കേരളം വാദമുഖങ്ങള്‍ നിരത്തിയത്. വരുമാനനഷ്ടത്തിന് പുറമേ പരമ്പരാഗത കച്ചവടക്കാര്‍ക്കും ഇത് ഭീഷണിയാകുന്നതായി ചരക്കുസേവന നികുതിയുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ നടന്ന ഉന്നതതലസമിതി യോഗത്തില്‍ കേരളം നിലപാട് അറിയിച്ചു.
ചരക്കു സേവന നികുതി ഏര്‍പ്പെടുത്തുന്നതില്‍ സംസ്ഥാനങ്ങള്‍ക്കുളള ആശങ്ക പരിഹരിക്കാന്‍ പഠനസംഘത്തിന് രൂപം നല്‍കണമെന്ന് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് കേരളം ഓണ്‍ലൈന്‍ വ്യാപാരവും ചര്‍ച്ചാവിഷയമാക്കിയത്. ഇ കോമേഴ്‌സ് വ്യാപാരത്തെ നിയന്ത്രണവിധേയമാക്കാന്‍ ചരക്കുസേവനനികുതിയില്‍ വ്യവസ്ഥകള്‍ കൊണ്ടുവരണമെന്ന് ധനമന്ത്രി കെ.എം മാണി ആവശ്യപ്പെട്ടു.