ഓര്‍ക്കൂട്ടിന് യാത്രാ മംഗളം

ന്യൂയോര്‍ക്ക്: ലോകത്തിന്റെ വാതില്‍ സോഷ്യല്‍ നെറ്റ് വര്‍ക്കിങ്ങിലേക്ക് തുറന്നിട്ട ഓര്‍ക്കുട്ട് തുടങ്ങി പത്ത് വര്‍ഷം പിന്നിടുമ്പോഴേക്കും വിസ്മൃതിയിലാകുന്നു.സെപ്റ്റംബര്‍ 30ന് ഓര്‍ക്കുട്ട് അടച്ചു പൂട്ടുമെന്ന് ഗൂഗിള്‍ ഓര്‍ക്കുട്ട് ബ്ലോഗില്‍ പ്രസിദ്ധീകരിച്ച പോസ്റ്റിലൂടെ നേരത്തെതന്നെ അറിയിച്ചിരുന്നു. മറ്റ് സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സംരംഭങ്ങള്‍ക്ക് ശ്രദ്ധ നല്‍കുന്നതിനാണ് ഓര്‍ക്കുട്ട് സേവനം അവസാനിപ്പിക്കുന്നതെന്നായിരുന്നു ഗൂഗിളിന്റെ വിശദീകരണം.

ഓര്‍ക്കുട്ടിന് ഏറ്റവുമധികം ഉപയോക്താക്കളുള്ള ബ്രസീലില്‍ മാത്രം നാല് മില്യണ്‍ പേരാണ് ഇതിന് യാത്രാമംഗളം നേരുന്നത്. ഓര്‍ക്കുട്ട് ഏറ്റവും ജനകീയമായിരുന്ന 2011ല്‍ 30 മില്യണ്‍ ബ്രസീലുകാര്‍ ഇതില്‍ ഉപയോക്താക്കളായിരുന്നു.

2004ലാണ് ഓര്‍ക്കുട്ട് നിലവില്‍ വന്നത്. ഇത് പെട്ടെന്ന് തന്നെ പ്രചാരത്തിലായി. ബ്രസീലിലും ഇന്ത്യയിലുമായിരുന്നു ഓര്‍ക്കുട്ട് ഏറ്റവുമധികം പടര്‍ന്നത്. ഫേസ്ബുക്കും ഇതേ കാലത്താണ് നിലവില്‍ വന്നതെങ്കിലും ഓര്‍ക്കുട്ടായിരുന്നു താരം. ഇന്ത്യയില്‍ ഒരുസമയത്ത് ഓര്‍ക്കുട്ടില്‍ 13 മില്യണ്‍ ആളുകള്‍ ഓര്‍ക്കുട്ട് സന്ദര്‍ശിക്കുമായിരുന്നു. സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റുകളെ കുറിച്ച് അവബോധം വളര്‍ത്തുന്നതിലും പുതിയ ട്രെന്‍ഡ് നിര്‍മിക്കുന്നതിനും ഓര്‍ക്കുട്ടിന് കഴിഞ്ഞു.

എന്നാല്‍, സ്വകാര്യതാ പ്രശ്‌നങ്ങളടക്കം സാങ്കേതികമായ നിരവധി പോരായ്മകള്‍ ഇതിനുണ്ടായിരുന്നു. ഈ വിടവിലേക്കാണ്, പുത്തന്‍ സംവിധാനങ്ങളുമായി ഫേസ്ബുക്ക് കടന്നു കയറിയത്. ഫേസ്ബുക്കിലിന്ന് 130 കോടി ഉപയോക്താക്കള്‍ ഉള്ളതായാണ് കണക്ക്. എന്നാല്‍, ഓര്‍ക്കുട്ടില്‍ നിലവില്‍ എത്ര അംഗങ്ങള്‍ ഉണ്ടെന്ന കാര്യം ഗൂഗിള്‍ കുറിപ്പില്‍ പറഞ്ഞിട്ടില്ല.

ഓര്‍ക്കുട്ട് അടച്ചു പൂട്ടുകയാണെങ്കിലും അതിലെ കമ്യൂണിറ്റികളിലുള്ള കുറിപ്പുകള്‍ സെപ്റ്റംബര്‍ 30നു ശേഷവും ലഭ്യമാവുമെന്ന് ഗൂഗിള്‍ അറിയിച്ചു. സ്വന്തം കമന്റുകള്‍ ആര്‍ക്കൈവില്‍ ഉള്‍പ്പെടുത്താന്‍ താല്‍പ്പര്യം ഇല്ലാത്തവര്‍ക്ക് അത് ഒഴിവാക്കാനും സൗകര്യമുണ്ടാവും.

Top