ഓര്‍ഡിനന്‍സിനോട് വിയോജിച്ച് രാഷ്ട്രപതി

ന്യൂഡല്‍ഹി: ഭൂമി ഏറ്റെടുക്കല്‍ നിയമ ഭേദഗതിക്കുള്‍പ്പെടെ നിര്‍ണായക വിഷയങ്ങളില്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കുന്നതു ശരിയല്ലെന്നു രാഷ്ട്രപതി പ്രണബ് മുഖര്‍ജി. അസാധാരണ സാഹചര്യങ്ങളില്‍ മാത്രമാണ് ഓര്‍ഡിനന്‍സ് പുറത്തിറക്കുക. 1952നു ശേഷം നാലു തവണ മാത്രമാണ് ഓര്‍ഡിനന്‍സ് പുറത്തിറക്കുകയും പിന്നീട് ഇതു പാസാക്കാന്‍ പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനം വിളിക്കുകയും ചെയ്തത്.
സഭയെ മറികടന്നുള്ള ഈ രീതി ജനാധിപത്യത്തിനു ഭൂഷണമല്ല. കേന്ദ്ര സര്‍വകലാശാലകളിലെയും ഗവേഷണ സ്ഥാപനങ്ങളിലെയും പ്രതിനിധികളോടു സംസാരിക്കുകയായിരുന്നു രാഷ്ട്രപതി. തുടര്‍ച്ചയായി സഭ തടസപ്പെടുന്നത് ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു.
നേരത്തേ, ഇന്‍ഷ്വറന്‍സ് പരിഷ്‌കരണമടക്കം വിഷയങ്ങളില്‍ കേന്ദ്രം ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചിരുന്നു. ഭൂമിയേറ്റെടുക്കല്‍ നിയമ ഭേദഗതിയുടെ കാര്യത്തില്‍ അരുണ്‍ ജയ്റ്റ്‌ലിയടക്കം മൂന്നു മുതിര്‍ന്ന മന്ത്രിമാരെ വിളിച്ച് വിശദീകരണം തേടിയശേഷമാണു രാഷ്ട്രപതി ഓര്‍ഡിനന്‍സില്‍ ഒപ്പുവച്ചത്.

Top