ഹൂസ്റ്റണ്‍: ഓള്‍ സ്റ്റാര്‍ ക്രിക്കറ്റ് പരമ്പരയിലെ രണ്ടാം ട്വന്റി-20യില്‍ സച്ചിന്‍ തെണ്ടുല്‍ക്കറിന്റെ ബ്ലാസ്റ്റേഴ്‌സിനെതിരേ ഷെയ്ന്‍ വോണിന്റെ വാരിയേഴ്‌സിന് 57 റണ്‍സിന്റെ തകര്‍പ്പന്‍ ജയം.
വിജയ ലക്ഷ്യമായ 263 റണ്‍സ് പിന്തുടര്‍ന്ന ബ്ലാസ്റ്റേഴ്‌സിന് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 205 റണ്‍സ് നേടാനേ സാധിച്ചുള്ളൂ. ടോസ് നഷ്ടപ്പെട്ട് ക്രീസിലെത്തിയ ഷെയ്ന്‍ വോണിന്റെ വാരിയേഴ്‌സ് ടീം 20 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തിലാണ് 262 റണ്‍സ് നേടിയത്. 30 പന്തില്‍ 70 റണ്‍സ് നേടിയ കുമാര്‍ സംഗക്കാരയാണ് മുന്നില്‍നിന്ന് പടനയിച്ചത്. ആദ്യ മത്സരത്തില്‍ വാരിയേഴ്‌സിനായിരുന്നു ജയം. ഇതോടെ മൂന്നു മത്സര പരമ്പര വാരിയേഴ്‌സ് സ്വന്തമാക്കി.
ഓപ്പണിംഗ് വിക്കറ്റില്‍ വാരിയേഴ്‌സിനായി മൈക്കിള്‍ വോണും മാത്യു ഹെയ്ഡനും ചേര്‍ന്ന് 5.4 ഓവറില്‍ 51 റണ്‍സ് അടിച്ചെടുത്തു. വോണിനെ വിക്കറ്റിനു മുന്നില്‍ കുടുക്കി സ്വാനാണ് ആദ്യ വിക്കറ്റ് വാരിയേഴ്‌സിനായി നേടിയത്. ജാക് കാലിസും (23 പന്തില്‍ 45) സംഗക്കാരയും (30 പന്തില്‍ 70) തകര്‍ത്താടിയതോടെ വാരിയേഴ്‌സ് കൂറ്റന്‍ സ്‌കോറിലേക്ക് ചുവടുവച്ചു.
മറുപടി ബാറ്റിംഗിനിറങ്ങിയ ബ്ലാസ്റ്റേഴ്‌സിനു കാര്യങ്ങള്‍ അത്രഎളുപ്പമായിരുന്നില്ല. രണ്ടാം ഓവറിന്റെ അവസാന പന്തില്‍ വിരേന്ദര്‍ സെവാഗിനെ (എട്ട് പന്തില്‍ 16) അജിത് അഗാര്‍ക്കര്‍ ബൗള്‍ഡാക്കി. സ്‌കോര്‍ 43ല്‍ നില്‍ക്കുമ്പോള്‍ സൗരവ് ഗാംഗുലിയും (12 പന്തില്‍ 12) പവലിയനിലെത്തി. അടുത്ത ഊഴം ക്യാപ്റ്റന്‍ സച്ചിന്‍ തെണ്ടുല്‍ക്കറിനായിരുന്നു. 20 പന്തില്‍ 33 റണ്‍സ് നേടിയ സച്ചിനെ സഖ്‌ലൈന്‍ മുഷ്താഖ് ബൗള്‍ഡാക്കി.
തുടര്‍ന്ന് ബ്രയാന്‍ ലാറ (21 പന്തില്‍ 19), മഹേല ജയവര്‍ധന (ഏഴു പന്തില്‍ അഞ്ച്), ലാന്‍സ് ക്ലൂസ്‌നര്‍ (18 പന്തില്‍ 21) എന്നിവര്‍ കൃത്യമായ ഇടവേളകളില്‍ ഗാലറിപൂകി. ഒറ്റയാന്‍ പോരാട്ടം നടത്തിയ ഷോണ്‍ പൊള്ളോക്കിനെ (55) സൈമണ്ട്‌സ് മടക്കിയതോടെ ബ്ലാസ്‌റ്റേഴ്‌സിന്റെ പോരാട്ടം അവസാനിച്ചു.