മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസിന്റെ സെമിഫൈനലില്‍ അമേരിക്കയുടെ സെറീന വില്യംസ് കടന്നു. 19-ാം ഗ്രാന്‍ഡ് സ്ലാം കിരീടം ലക്ഷ്യമിടുന്ന ഒന്നാം സീഡ് സെറീന, നിലവിലെ റണ്ണറപ്പായ ഡൊമിനിക സിബുള്‍കോവയെ നേരിട്ടുള്ള സെറ്റുകള്‍ക്കാണു ക്വാര്‍ട്ടറില്‍ തോല്‍പ്പിച്ചത്. സ്‌കോര്‍ 6-2, 6-2.
വീനസ് ക്വാര്‍ട്ടറില്‍ തോറ്റു പുറത്തായി. നാട്ടുകാരിയായ യുവതാരം മാഡിസണ്‍ കെയ്‌സിനോടാണു വീനസ് തോറ്റത്. മൂന്നു സെറ്റ് നീണ്ട പോരാട്ടത്തില്‍ 6-3, 4-6, 6-4 എന്ന സ്‌കോറിനായിരുന്നു മാഡിസന്റെ ജയം. വീനസ് ജയിച്ചിരുന്നെങ്കില്‍ വില്യംസ് സഹോദരിമാരുടെ സെമിഫൈനല്‍ പോരാട്ടത്തിന് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ വേദിയാകുമായിരുന്നു.