ഓസ്‌ട്രേലിയന്‍ ടീം പരിശീലകന്‍ ഡാരന്‍ ലേമാന്‍ വിവാദത്തില്‍

ആഷസില്‍ ചാരമായിപ്പോയ ഓസ്‌ട്രേലിയന്‍ ടീമിന്റെ പരിശീലകന്‍ ഡാരന്‍ ലേമാന്‍ വിവാദത്തില്‍. രണ്ടു ദിവസം മുന്‍പെ കളി തോറ്റ് ടീം ട്രെന്റ്ബ്രിഡ്ജിലെ കൂടാരം കയറിയതിനു പിന്നാലെ ലേമാന്‍ ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് കാണാന്‍ ടിക്കറ്റ് തേടി ട്വീറ്റ് ചെയ്തതാണ് വിവാദത്തിനു വഴിയൊരുക്കിയത്.

നോട്ടിങ്ങാമില്‍ നിന്ന് 80 കിലോമീറ്റര്‍ അകലെ ഇംഗ്ലിഷ് പ്രീമിയര്‍ ലീഗിലെ ലിവര്‍പൂള്‍-സ്റ്റോക്ക് സിറ്റി മല്‍സരം കാണാന്‍ താല്‍പര്യമുണ്ട്. ആരുടെയെങ്കിലും വശം തനിക്കും സുഹൃത്തുക്കള്‍ക്കുമുള്ള ടിക്കറ്റുണ്ടോ എന്നായിരുന്നു ലേമാന്റെ അന്വേഷണം.

ആഷസ് പരമ്പര 3-1 നു തോല്‍ക്കുകയും ക്യാപ്റ്റന്‍ മൈക്കല്‍ ക്ലാര്‍ക്ക് വിടവാങ്ങല്‍ പ്രഖ്യാപിക്കുകയും ചെയ്ത് കാര്യങ്ങള്‍ ശ്മശാനമൂകമായിരിക്കുമ്പോഴാണ് സോഷ്യല്‍ മീഡിയയിലേക്ക് ട്വീറ്റ് പറന്നെത്തിയത്. റോം കത്തിയപ്പോള്‍ വീണ വായിച്ച നീറോയെപ്പോലെ ഓസ്‌ട്രേലിയക്കാര്‍ ശരിക്കും മറുട്വീറ്റില്‍ ശകാരവര്‍ഷം തന്നെ നടത്തി. ഇതാണ് ഫുട്‌ബോള്‍ കാണാന്‍ പോകാന്‍ പറ്റിയ സമയം. ഒപ്പം ടീമനെക്കൂടി കൂട്ടി അവരുടെ പ്രതിരോധക്കളി പഠിക്കൂ എന്നായി ചിലരുടെ ഉപദേശം.

ട്രെന്റ് ബ്രിഡ്ജ് ടെസ്റ്റിന്റെ അഞ്ചാം ദിവസത്തെ ടിക്കറ്റ് വേണമെങ്കില്‍ ലേമാനു തരാമെന്നായി ചിലരുടെ പരിഹാസം. എനിക്കിതു വേണം എന്ന മട്ടില്‍ ലേമാന്‍ തെറിവിളിച്ചവരോടു നന്ദി പറഞ്ഞു. പതിനെട്ടു മാസം മുന്‍പ് ഓസ്‌ട്രേലിയയില്‍ നടന്ന പരമ്പരയില്‍ ഇംഗ്ലണ്ടിനെ 5-0 നു തോല്‍പ്പിക്കുമ്പോഴും ലേമാനായിരുന്നു പരിശീലകന്‍.

Top