സിഡ്‌നി: ബ്രെറ്റ്‌ലി തന്റെ ഇരുപത് വര്‍ഷത്തെ ക്രിക്കറ്റ് കരിയറില്‍ നിന്ന് വിരമിക്കുന്നു. എല്ലാ തരത്തിലുള്ള ക്രിക്കറ്റില്‍ നിന്നും താന്‍ വിരമിക്കുകയാണെന്ന് വ്യാഴാഴ്ചയാണ് ബ്രെറ്റ് ലീ പ്രഖ്യാപിച്ചത്.
ഓസ്‌ട്രേലിയന്‍ മുന്‍ ഫാസ്റ്റ് ബൗളര്‍ ആയിരുന്ന ബ്രെറ്റ്‌ലി രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും നേരത്തെ വിരമിച്ചിരുന്നു. താന്‍ വികാരഭരിതനും സന്തുഷ്ടനുമാണ്. പക്ഷെ തീരുമാനത്തില്‍ ആശങ്കയില്ലെന്നും താന്‍ ശരിയായ തീരുമാനമാണ് എടുത്തതെന്നും താരം പറഞ്ഞു.
38 കാരനായ ബ്രെറ്റ്‌ലി 2012 ല്‍ ആണ് രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും വിരമിക്കുന്നത്. എന്നാല്‍ ബിഗ് ബാഷ് ലീഗിലും ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലും തുടര്‍ന്നു കളിച്ചിരുന്നു. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേര്‍സ് ടീമിനുവേണ്ടിയാണ് അദ്ദേഹം മത്സരിച്ചിരുന്നത്.
ആസ്‌ട്രേലിയയ്ക്ക് വേണ്ടി 76 ടെസ്റ്റുകളാണ് ലീ കളിച്ചിട്ടുള്ളത്. ഇതില്‍ നിന്നും 310 വിക്കറ്റുകളും നേടിയിട്ടുണ്ട്. ലോകത്തിലെ ഏറ്റവും വേഗമേറിയ ഫാസ്റ്റ് ബൗളര്‍മാരില്‍ ഒരാളായി പരിഗണിക്കപ്പെടുന്ന അദ്ദേഹം മികച്ച ഒരു ഫീല്‍ഡറും ഭേദപ്പെട്ട ഒരു പിന്‍നിര ബാറ്റ്‌സ്മാനുമാണ്. ബിംഗാ എന്ന ചെല്ലപ്പേരില്‍ അറിയപ്പെടുന്ന ബ്രെറ്റ് ലീ 1999 ഡിസംബറില്‍ ഇന്ത്യക്കെതിരെയാണ് ടെസ്റ്റ് ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ചത്.