ന്യൂഡല്‍ഹി: കടല്‍ക്കൊല കേസിലെ പ്രതി മാസിമിലാനൊ ലത്തോറയുടെ ജാമ്യക്കാലാവധി നീട്ടി നല്‍കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. ഹൃദയശസ്ത്രക്രിയയ്ക്കായി നാല് മാസത്തേക്കു കൂടി ഇറ്റലിയില്‍ തുടരാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയാണ് സുപ്രീംകോടതി തള്ളിയത്.
അതേസമയം ഇന്ത്യന്‍ നിയമവാഴ്ചയോട് ബഹുമാനം കാണിക്കണമെന്നും, വിചാരണ എത്രയും വേഗം പൂര്‍ത്തിയാക്കുകയാണ് വേണ്ടതെന്നും ചീഫ് ജസ്റ്റീസ് എച്ച്.എല്‍ ദത്തു അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചു. കൊലക്കേസ് പ്രതികളായ ഇരുവര്‍ക്കും സാധ്യമായ പരമാവധി ഇളവ് ഇതിനകം അനുവദിച്ചു കഴിഞ്ഞുവെന്നും കോടതി വ്യക്തമാക്കി.
കസ്റ്റഡിയിലിരിക്കെ പക്ഷാഘാതമുണ്ടായതിനെത്തുടര്‍ന്ന് ഇറ്റലിയില്‍ ചികിത്സ തേടാന്‍ ലത്തോറയ്ക്ക് നാലു മാസത്തെ ജാമ്യം അനുവദിച്ചിരുന്നു. കുടുംബത്തോടൊപ്പം ക്രിസ്മസ് ആഘോഷിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യയിലുള്ള നാവികന്‍ സാല്‍വത്തോറെ ജിറോണും കോടതിയെ സമീപിച്ചിരുന്നു. താന്‍ ഇന്ത്യയില്‍ തടവിലാക്കപ്പെട്ടത് കുട്ടികള്‍ക്ക് മാനസിക സംഘര്‍ഷത്തിന് ഇടയാക്കിയിട്ടുണ്ടെന്നും ജിറോന്‍ വാദിച്ചു. എന്നാല്‍ കോടതി ഇത് തള്ളിക്കളയുകയായിരുന്നു. 2012ല്‍ കേരള തീരത്ത് രണ്ട് മത്സ്യത്തൊഴിലാളികളെ വെടിവച്ചുകൊന്ന കേസിലാണ് ഇരുവരും വിചാരണ നേരിടുന്നത്.