കണ്ണന്‍ ദേവന്‍ കമ്പനിയുമായി മുഖ്യമന്ത്രിക്ക് അടുത്ത ബന്ധം; നടന്നത് രാഷ്ട്രീയ നാടകം?

മൂന്നാര്‍: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആത്മാര്‍ത്ഥമായി നേരത്തെ തന്നെ നിലപാട് സ്വീകരിച്ചിരുന്നുവെങ്കില്‍ ഒരുപക്ഷേ ഒന്‍പത് ദിവസം തെരുവിലിറങ്ങേണ്ട ഗതികേട് മൂന്നാറിലെ സ്ത്രീ തൊഴിലാളികള്‍ക്കുണ്ടാകില്ലായിരുന്നു.

ബോണസും വേതന വര്‍ദ്ധനവും മറ്റും ആവശ്യപ്പെട്ട് നരകതുല്യ ജീവിതം നയിക്കുന്ന തോട്ടം തൊഴിലാളികള്‍ അക്രമാസക്തമായി തൊഴിലാളി സംഘടനാ ഓഫീസ് അടിച്ച് തകര്‍ത്തത് ഒരു ‘സിഗ്‌നലായി ‘ മനസിലാക്കി ഇടപെടാനുള്ള സാഹചര്യം മുഖ്യമന്ത്രി ‘പാഴാക്കിയ’താണ് സമരം ഒന്‍പത് ദിവസം നീളാന്‍ കാരണമായതെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

ഇന്നലെ തൊഴിലാളികളുമായി കരാറിലൊപ്പിട്ട കണ്ണന്‍ ദേവന്‍ കമ്പനി ചെയര്‍മാന്‍ ടി.ദാമു അടക്കമുള്ളവരുമായി ഏറെ വര്‍ഷങ്ങളായി വ്യക്തിപരമായി വളരെ അടുത്ത ബന്ധമാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കുള്ളത്.

ഈ അടുപ്പം ഐതിഹാസിക സമരം അവസാനിപ്പിക്കാന്‍ ഇപ്പോള്‍ കാരണമായെങ്കില്‍ നേരത്തെയും ആകാമായിരുന്നു.

രാഷ്ട്രീയ തൊഴിലാളി നേതാക്കളെ പടിയടച്ച് നടത്തിയ സമരം മുന്നില്‍ നിന്ന് നയിക്കുമെന്ന പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്റെ പ്രഖ്യാപനവും സമര മുഖത്തേക്കുള്ള അദ്ദേഹത്തിന്റെ കടന്ന് വരവുമാണ് കമ്പനി അധികൃതരുടെയും സര്‍ക്കാരിന്റെയും ‘കണക്കുകൂട്ടലുകള്‍ ‘ തെറ്റിച്ചത്.

എസ്.രാജേന്ദ്രന്‍ എം.എല്‍.എയെ ഓടിച്ച് വിട്ട സമരക്കാരുടെ നടപടി രാഷ്ട്രീയപരമായി യു.ഡിഎഫിന് നേട്ടമാകുമെന്ന് പ്രതീക്ഷിച്ചിരുന്ന ഘട്ടത്തിലാണ് അപ്രതീക്ഷിതമായി വി.എസ് പ്രശ്‌നത്തില്‍ ഇടപെട്ടതും സമരത്തിന്റെ ഗതിതന്നെ മാറിയതും.

92 വയസുകാരനായ വി.എസ് സമരം ഒത്ത് തീര്‍പ്പാക്കിയ ശേഷമേ മടങ്ങൂവെന്ന് പ്രഖ്യാപിച്ച് സമരമുഖത്ത് കുത്തിയിരുന്നതാണ് സര്‍ക്കാരിനെ ഏറ്റവും അധികം പ്രതിരോധത്തിലാക്കിയത്.

സംസ്ഥാനത്തിനകത്ത് മാത്രമല്ല ദേശീയ തലത്തിലും വലിയ ശ്രദ്ധ പിടിച്ചുപറ്റിയ സമരം ഒത്തുതീര്‍പ്പാക്കുക എന്നതിനപ്പുറം മറ്റൊരു വഴിയില്ലെന്ന് കണ്ട് അണിയറയില്‍ ഒരുങ്ങിയ ‘നാടക’ത്തിന്റെ പരിസമാപ്തിയിലാണ് മുഖ്യമന്ത്രിയുടെ രംഗപ്രവേശം.

വി.എസ് മൂന്നാറിലെത്തിയ കാലത്ത് പതിനൊന്നോടെ തന്നെയാണ് സമവായ ചര്‍ച്ചകള്‍ക്കും എറണാകുളത്ത് തുടക്കമായിരുന്നത്.

മന്ത്രിമാരായ ആര്യാടന്‍ മുഹമ്മദിന്റെയും ഷിബു ബേബി ജോണിന്റെയും സാന്നിധ്യത്തില്‍ കമ്പനി മാനേജുമെന്റുമായും തൊഴിലാളി സംഘടനാ നേതാക്കളുമായും സമരം ചെയ്യുന്ന തൊഴിലാളികളുടെ പ്രതിനിധികളുമായും വെവ്വേറെയായിരുന്നു ചര്‍ച്ച.

ഈ ചര്‍ച്ചയില്‍ സമവായമുണ്ടാകാതിരുന്നതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ചര്‍ച്ചയില്‍ ഇടപെട്ടപ്പോള്‍ മാനേജ്‌മെന്റ് ഒത്തുതീര്‍പ്പിന് സമ്മതിച്ചതിലുമുണ്ട് ദുരൂഹത.

ഒത്തുതീര്‍പ്പിന് വഴങ്ങിയേ തീരൂ എന്ന സാഹചര്യം അന്തരീക്ഷത്തില്‍ ശക്തമായതിനാല്‍ സമരം തീര്‍ക്കുന്നതിന്റെ ക്രെഡിറ്റ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് കൂടി ഇരിക്കട്ടെ എന്ന് തോട്ടം ഉടമകള്‍ തീരുമാനിച്ചതായാണ് അണിയറയിലെ സംസാരം.

തൊഴിലാളികളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചെങ്കില്‍ മാത്രമെ താനും കുത്തിയിരുപ്പ് സമരം അവസാനിപ്പിക്കുവെന്ന് വി.എസ് കടുത്ത നിലപാട് സ്വീകരിച്ച പശ്ചാത്തലത്തില്‍, സമരം തീര്‍ക്കുന്നതിന്റെ മുഴുവന്‍ ക്രെഡിറ്റും വി.എസ് കൊണ്ടുപോകാതിരിക്കാന്‍ കൂടിയായിരുന്നുവത്രെ ഈ നീക്കം.

കേരളത്തെ മുള്‍മുനയില്‍ നിര്‍ത്തിയ സമരത്തിന്റെ നിര്‍ണ്ണായക ചര്‍ച്ചയില്‍ തുടക്കം മുതല്‍ പങ്കെടുക്കാന്‍ ബാധ്യസ്ഥനായ മുഖ്യമന്ത്രി തൊട്ടടുത്ത ജില്ലയിലുണ്ടായിട്ടും സമവായം ‘ഉണ്ടാകാത്ത’ സാഹചര്യത്തില്‍ മാത്രം പറന്നെത്തി സമവായമുണ്ടാക്കിയതാണ് സംശയങ്ങള്‍ക്കിട നല്‍കുന്നത്.

അതേസമയം വേതന വര്‍ദ്ധനവ് സംബന്ധിച്ച് 26ലെ യോഗത്തില്‍ തീരുമാനമെടുക്കുമെന്ന് പ്രഖ്യാപിച്ചത് നടപ്പിലാകുമോയെന്ന ആശങ്കയും ഇതിനകം ഉയര്‍ന്നിട്ടുണ്ട്.

ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ പാലിച്ചില്ലെങ്കില്‍ സമര രംഗത്തിറങ്ങാന്‍ തൊഴിലാളികള്‍ക്കൊപ്പമുണ്ടാകുമെന്ന വി.എസിന്റെ പ്രഖ്യാപനമാണ് ഇക്കാര്യത്തിലും തൊഴിലാളികള്‍ക്ക് ആത്മവിശ്വാസം നല്‍കുന്നത്.

Top