കണ്ണൂരില്‍ എതിര്‍ വനിതാ സ്ഥാനാര്‍ത്ഥിയെ അപമാനിച്ച് ലീഗ് പ്രവര്‍ത്തകരുടെ ആഹ്ലാദപ്രകടനം

കണ്ണൂര്‍: ആഹ്‌ളാദപ്രകടനത്തിനിടയില്‍ എതിര്‍ സ്ഥാനാര്‍ത്ഥിയെ അപമാനിച്ച മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ക്കെതിരേ പ്രതിഷേധം ശക്തമാകുന്നു. തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് തൊട്ടുപിന്നാലെ കണ്ണൂര്‍ മാട്ടൂലില്‍ നടന്ന സംഭവത്തിന്റെ സോഷ്യല്‍ മീഡിയവഴി പ്രചരിച്ച വീഡിയോ വന്‍ വിവാദമാണ് ഉയര്‍ത്തിവിടുന്നത്.

കണ്ണൂരിലെ മാടക്കര ഈസ്റ്റ് വാര്‍ഡിലാണ് പരാജയപ്പെട്ട വനിതാ സ്ഥാനാര്‍ത്ഥിയെ അപമാനിക്കുന്ന തരത്തിലുള്ള പ്രകടനം നടത്തിയത്. പര്‍ദയണിഞ്ഞ സ്ത്രീയെ പ്രതീകാത്മകമായി ബലാത്സംഗം ചെയ്യുന്നതടക്കമുള്ള ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ വ്യാപകമായി പ്രചരിക്കുകയാണ്.

പച്ച റിബണ്‍ തലയിലും കൈയിലും കെട്ടിയ പ്രവര്‍ത്തകരാണ് ദൃശ്യത്തിലുള്ളത്. തികച്ചും സ്വകാര്യമായ ഇടത്ത് വെച്ച് നടത്തിയ ആഹ്ലാദപ്രകടനമാണ് ഇതെന്ന് വാദമുണ്ടെങ്കിലും പൊതുസ്ഥലത്ത് നടന്ന പ്രകടനത്തിലാണ് സ്ത്രീത്വത്തെ അപമാനിക്കുന്ന പെരുമാറ്റമുണ്ടായതെന്ന് ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാണ്. മാത്രമല്ല പരാജയപ്പെട്ട സ്ഥാനാര്‍ത്ഥിയുടെ പേരും വിളിച്ചു പറയുന്നുണ്ട്.

അതേസമയം വീഡിയോ പുറത്തുവന്നതോടെ പ്രതിഷേധവും ശക്തമായി. ഇവര്‍ക്കെതിരേ സ്ത്രീത്വത്തെ അപമാനിക്കലിന് കേസെടുക്കണമെന്ന് ആവശ്യം ഉയര്‍ന്നിട്ടുണ്ട്. വനിതാ സംഘടനകളും രംഗത്ത് വന്നിട്ടുണ്ട്.

Top