ഒട്ടാവ : ഭീകരാക്രമണങ്ങള്‍ക്കൊണ്ടു ഭയപ്പെടുത്താനാകില്ലെന്ന് കനേഡിയന്‍ പ്രധാനമന്ത്രി സ്റ്റീഫന്‍ ഹാര്‍പര്‍. ഒരാഴ്ചയ്ക്കിടെ സൈനികര്‍ക്കു നേരേ രണ്ട് ആക്രമണങ്ങളുണ്ടായ പശ്ചാത്തലത്തിലാണ് ഹാര്‍പ്പറിന്റെ പ്രസ്താവന. പാര്‍ലമെന്റിനു നേരേ തോക്കുധാരി നടത്തിയ ആക്രമണം കഴിഞ്ഞ് മണിക്കൂറുകള്‍ക്കുള്ളിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
അടുത്തിടെ മുസ്ലിം മതത്തിലേക്കു മാറിയ മൈക്കല്‍ സെഹാഫ് ബിബ്യോ (32) ആണ് കഴിഞ്ഞദിവസം ആക്രമണം നടത്തിയതെന്നു കണ്ടെത്തിയിട്ടുണ്ട്. അതേസമയം, ആക്രമണോദേശ്യമെന്താണെന്നു വ്യക്തമായിട്ടില്ല.
ഇതിനിടെ, ഒരു സൈനികന്റെ മരണത്തിനിടയാക്കിയ ആക്രമണത്തിനു ശേഷം ഇന്നലെ കനേഡിയന്‍ പാര്‍ലമെന്റ് വീണ്ടും സമ്മേളിച്ചു. സൈന്യത്തിന്റെ തിരിച്ചടിയില്‍ അക്രമി മൈക്കല്‍ സെഹാഫ് മരിച്ചിരുന്നു. ബുധാനാഴ്ച വെടിവയ്പ്പുണ്ടായതിനു പിന്നാലെ സുരക്ഷ മുന്‍നിര്‍ത്തി പാര്‍ലമെന്റ് ഒഴിപ്പിക്കാന്‍ ഹാര്‍പര്‍ നിര്‍ദേശം നല്‍കിയിരുന്നു. രാജ്യത്തിനും അതിന്റെ മൂല്യങ്ങള്‍ക്കും ജനാധിപത്യത്തിനും നേര്‍ക്കുള്ള വെല്ലുവിളിയാണ് പാര്‍ലമെന്റ് ആക്രമണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ലോകമെമ്പാടുമുണ്ടാകുന്ന ഭീകരാക്രമണങ്ങളില്‍നിന്ന് ക്യാനഡയും മുക്തമല്ലെന്നതിന്റെ തെളിവാണ് വെടിവയ്‌പ്പെന്നും അദ്ദേഹം. യുദ്ധസ്മാരകം, പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ബ്ലോക്ക്, റിഡ്യൂ സെന്റര്‍ എന്നീ മൂന്നിടങ്ങളില്‍ വെടിവയ്പ്പുണ്ടായതായി ഒട്ടാവ പൊലീസ് സ്ഥിരീകരിച്ചു.
പാര്‍ലമെന്റിനു സമീപത്തെ ദേശീയ യുദ്ധസ്മാരകത്തിനു കാവല്‍ നിന്ന സൈനികനെയാണ് കഴിഞ്ഞദിവസം സെഹാഫ് ബിബ്യൂ വെടിവച്ചു കൊന്നത്. ക്യാനഡയിലെ ക്യൂബെക്കില്‍ ജനിച്ച സെഹാഫിനെതിരേ മയക്കുമരുന്ന് ഇടപാട്, പിടിച്ചുപറി, ഭീകരപ്രവര്‍ത്തനം തുടങ്ങിയവയ്ക്ക് കേസുകളുണ്ട്. പശ്ചിമേഷ്യയിലെ ഭീകരര്‍ക്കൊപ്പം ചേരാന്‍ സാധ്യത കണക്കിലെടുത്ത് ഇയാളുടെ പാസ്‌പോര്‍ട്ട് ഈവര്‍ഷം ആദ്യം ഇന്റലിജന്‍സ് ഏജന്‍സികള്‍ പിടിച്ചെടുത്തിരുന്നു. ഇതിനിടെ, സെഹാഫ് കൊല്ലപ്പെട്ടതിലല്ല അയാളുടെ ആക്രമണത്തില്‍ മരിച്ച സൈനികനെയോര്‍ത്താണ് കണ്ണീര്‍ തൂകുന്നതെന്ന് അയാളുടെ അമ്മ പ്രതികരിച്ചു. വാര്‍ത്താ ഏജന്‍സികളിലേക്കു വിളിച്ചാണ് അവര്‍ ഇക്കാര്യമറിയിച്ചത്.
മോണ്ട്‌റീലില്‍ മതതീവ്രവാദിയായ മറ്റൊരു യുവാവ് സൈനികര്‍ക്കു നേരെ ആക്രമണം നടത്തി രണ്ടു ദിവസം പിന്നിടുമ്പോഴാണ് പാര്‍ലമെന്റ് ആക്രമണം. മോണ്ട്‌റീലില്‍ രണ്ടു സൈനികരെ ലക്ഷ്യമിട്ടുള്ള ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടിരുന്നു. ആക്രമിച്ച മാര്‍ട്ടിന്‍ കൗട്ടര്‍ റൗളിയുവിനെ സൈന്യം വെടിവച്ചു കൊന്നു. ആക്രമണസംഭവങ്ങളെത്തുടര്‍ന്ന് ക്യാനഡയിലെ യുഎസ് എംബസി സുരക്ഷ കര്‍ശനമാക്കി. യുഎസിന്റെയും ക്യാനഡയുടെയും വ്യോമസേന ജാഗരൂകരായി നിലയുറപ്പിച്ചിട്ടുണ്ട്.