കമ്പനി പൂട്ടുമെന്ന് ഭീഷണിപ്പെടുത്തേണ്ട; കൂലി വര്‍ധിപ്പിച്ചില്ലെങ്കില്‍ വീണ്ടും സമരത്തിനിറങ്ങും

തിരുവനന്തപുരം:തോട്ടം തൊഴിലാളികളുടെ ദിവസവേതനം 500 രൂപ ആക്കിയില്ലെങ്കില്‍ വീണ്ടും സമരം നടത്തുമെന്ന് മൂന്നാറിലെ തോട്ടം തൊഴിലാളികള്‍. കമ്പനി പൂട്ടുമെന്ന ഭീഷണി വേണ്ടെന്നും തൊഴിലാളികള്‍.

അംഗീകൃത യൂണിയനുകളും ഉടമകളും സര്‍ക്കാരും തമ്മില്‍ നടക്കുന്ന ചര്‍ച്ചയുടെ ഭാഗമായി പെമ്പിളൈ ഒരുമൈയുടെ നേതൃത്വത്തില്‍ മൂന്നാറില്‍ സമരം നടത്തിയ അഞ്ച് തൊഴിലാളികള്‍ രാവിലെ തിരുവനന്തപുരത്തെത്തി.

അതേസമയം ചര്‍ച്ചയില്‍ മൂന്നാറില്‍ സമരം നടത്തിയ തൊഴിലാളികളെ ക്ഷണിച്ചിരുന്നില്ല. തങ്ങളെയും ഇന്നു നടക്കുന്ന ചര്‍ച്ചയില്‍ പങ്കെടുപ്പിക്കണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു. എന്നാല്‍ മൂന്നാറിലെ തൊഴിലാളികളെ ചര്‍ച്ചയില്‍ പങ്കെടുപ്പിക്കാനാകില്ലെന്ന് തൊഴില്‍മന്ത്രി ഷിബു ബേബി ജോണ്‍ പറഞ്ഞു. പ്ലാന്റേഷന്‍ കോര്‍പ്പറേഷനില്‍ അംഗങ്ങളല്ലാത്തതിനാലാണ് മൂന്നാറിലെ പെമ്പിളൈ ഒരുമൈയെ ചര്‍ച്ചക്ക് ക്ഷണിക്കാത്തതെന്നും മന്ത്രി പറഞ്ഞു. ഇക്കാര്യമാവശ്യപ്പെട്ട് ഇവര്‍ മന്ത്രിയെ സമീപിച്ചിരുന്നു.

വീണ്ടും സമരം നടത്തുകയാണെങ്കില്‍ എവിടെ വേണമെന്ന് പിന്നീട് ചര്‍ച്ച ചെയ്ത് തീരുമാനിക്കും. മുഖ്യമന്ത്രിയില്‍ തങ്ങള്‍ക്ക് വിശ്വാസമാണെന്നും അവര്‍ പറഞ്ഞു.

Top