സാന്റ ക്രൂസ് (ബൊളീവിയ): കമ്യൂണിസ്റ്റുകാരെ മതനിഷേധികളെന്ന് പറഞ്ഞ് അകറ്റി നിര്‍ത്തിയ കത്തോലിക്കാസഭയും, സഭയെ എതിര്‍ത്തിരുന്ന കമ്യൂണിസ്റ്റുകാരും തമ്മില്‍ ലാറ്റിനമേരിക്കയില്‍ സൗഹൃദത്തിന്റെ പാതതുറന്നു.
കോളനിവാഴ്ച്ചക്കാലത്ത് ലാറ്റിനമേരിക്കയോടും ഗോത്രജനവിഭാഗങ്ങളോടും കത്തോലിക്ക സഭ ചെയ്ത ‘പാപങ്ങള്‍ക്കും കുറ്റകൃത്യങ്ങള്‍ക്കും’ ഫ്രാന്‍സിസ് മാര്‍പാപ്പ പരസ്യമായി മാപ്പപേക്ഷിച്ചു. ബൊളീവിയയില്‍ ഗോത്രവിഭാഗങ്ങള്‍, കര്‍ഷകര്‍, ശുചീകരണത്തൊഴിലാളികള്‍, സാമൂഹികപ്രവര്‍ത്തകര്‍ എന്നിവരെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗത്തിലാണ് പോപ്പിന്റെ ‘കുമ്പസാരം’.
ബൊളീവിയയിലെ ആദ്യ ഗോത്രവര്‍ഗ പ്രസിഡന്റ് ഇവൊ മൊലേറസിന്റെ സാന്നിധ്യത്തിലാണ് ലാറ്റിനമേരിക്കയില്‍നിന്നുള്ള ആദ്യ മാര്‍പാപ്പയുടെ മാപ്പപേക്ഷ.
ദൈവത്തിന്റെ പേരില്‍ ലാറ്റിനമേരിക്കയിലെ ജനങ്ങളോടുചെയ്ത പാപങ്ങള്‍ നേരത്തേതന്നെ സഭാനേതൃത്വം സമ്മതിച്ചിട്ടുണ്ട്. 1992ലെ സന്ദര്‍ശനസമയത്ത് വിശുദ്ധ ജോണ്‍പോള്‍ രണ്ടാമന്‍ തന്നെ മാപ്പപേക്ഷിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അമേരിക്ക കീഴടക്കലിന്റെ പേരില്‍ സഭ സ്വയം ചെയ്ത കുറ്റങ്ങള്‍ക്ക് മാത്രമല്ല, ലാറ്റിനമേരിക്കന്‍ ഗോത്ര ജനങ്ങളോട് സഭ ചെയ്ത എല്ലാ അപരാധങ്ങള്‍ക്കും മാപ്പപേക്ഷിക്കുകയാണെന്ന് മാര്‍പാപ്പ പറഞ്ഞു. നിലക്കാത്ത കൈയടികളോടെയാണ് മാര്‍പാപ്പയുടെ വാക്കുകളെ ജനം സ്വീകരിച്ചത്.
ഭൗതികതയും അസമത്വവും വളര്‍ത്തുകയും പാവപ്പെട്ടവരെ ചൂഷണം ചെയ്യുകയും ചെയ്യുന്ന നവ കോളനിവാഴ്ചയെ ചെറുക്കാന്‍ നവ സാമൂഹിക മുന്നേറ്റങ്ങള്‍ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലെ സന്ദര്‍ശനത്തിന്റെ ഭാഗമായി എക്വഡോര്‍ സന്ദര്‍ശിച്ചതിന് ശേഷമാണ് പോപ് ബൊളീവിയയിലെത്തിയത്.
ഉപയോഗിച്ചതിന് ശേഷം പ്രയോജനമില്ലെന്നു കണ്ടാല്‍ ആളുകളെപ്പോലും ഉപേക്ഷിക്കുന്ന സമൂഹത്തിന്റെ സംസ്‌കാരത്തെയും ബൊളീവിയയിലെ ആദ്യ കുര്‍ബാനക്കിടെ പോപ് അപലപിച്ചു. എല്ലാം വിലകൊടുത്തുവാങ്ങാം എന്ന ചിന്തയാണ് ഇതിനുപിന്നിലെന്നും അദ്ദേഹം പറഞ്ഞു. ലാറ്റിനമേരിക്കന്‍ ഐക്യത്തിനും പോപ് ആഹ്വാനം ചെയ്തു.
പൊതു അവധി പ്രഖ്യാപിച്ചാണ് പോപ്പിന്റെ സന്ദര്‍ശനത്തെ ബൊളീവിയ സ്വാഗതം ചെയ്തത്. ‘ആദ്യമായാണ് പോപ് ഫ്രാന്‍സിസ് എന്റെയും പോപ്പാണെന്ന് തോന്നുന്നത്’ എന്നായിരുന്നു ബൊളീവിയന്‍ പ്രസിഡന്റ് ഇവോ മൊറേലസിന്റെ പ്രതികരണം.
നേരത്തേ ഇവോ മൊറേലസ് പോപ്പിന് അരിവാള്‍ ചുറ്റികയിലുള്ള ‘കമ്യൂണിസ്റ്റ് ക്രൂശിതരൂപം’ നല്‍കി സ്വീകരിച്ചത് മാധ്യമശ്രദ്ധ നേടിയിരുന്നു.