കരാര്‍ ലംഘിച്ച് വീണ്ടും വെടിവെയ്പ്പ്

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ അന്താരാഷ്ട്ര അതിര്‍ത്തിയിലെ സാംബയില്‍ വെടിനിര്‍ത്തല്‍ ലംഘിച്ചു പാക് സേന നടത്തിയ ആക്രമണത്തില്‍ ബിഎസ്എഫ് ജവാന്‍ കൊല്ലപ്പെട്ടു. ഒരാള്‍ക്കു പരുക്ക്. ഇരുപത്തിനാലു മണിക്കൂറിനിടെ രണ്ടാം തവണയാണു പാക് പ്രകോപനം. കോണ്‍സ്റ്റബിള്‍ ശ്രീ രാം ഗൗരിയയാണു മരിച്ചത്. ബിഎസ്എഫ് പട്രോളിങ് സംഘത്തിനു നേരേ ശക്തമായ ആക്രമണമാണു പാക്കിസ്ഥാന്‍ നടത്തിയതെന്നു സൈനിക വക്താവ്. ഇന്ത്യന്‍ സേന നടത്തിയ ശക്തമായ പ്രത്യാക്രമണത്തില്‍ നാലു സൈനികര്‍ കൊല്ലപ്പെട്ടതായി പാക്കിസ്ഥാന്‍. മേഖലയില്‍ ഇപ്പോഴും വെടിവയ്പ്പ് തുടരുകയാണ്. സംഭവത്തെത്തുടര്‍ന്ന് പാക്കിസ്ഥാന്‍ ഇസ്ലാമാബാദിലെ ഇന്ത്യന്‍ ഡെപ്യൂട്ടി ഹൈക്കമ്മിഷണറെ വിളിച്ചുവരുത്തി. അതിര്‍ത്തിയില്‍ പാക് സൈന്യം വെടിവയ്പ്പ് തുടര്‍ന്നാല്‍ ഇരട്ടി ശക്തിയില്‍ തിരിച്ചടിക്കുമെന്നു കേന്ദ്ര പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍.
ഒരാഴ്ചയ്ക്കിടെ ആറാം തവണയാണു പാക് സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നത്. കഴിഞ്ഞ വര്‍ഷം 550 തവണ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. 2003 നു ശേഷം ഇതാദ്യമായാണിത്.
ഇതിനിടെ, റിപ്പബ്ലിക് ദിന പരിപാടികള്‍ അലങ്കോലപ്പെടുത്താന്‍ നിയന്ത്രണ രേഖ വഴി കൂടുതല്‍ ഭീകരര്‍ രാജ്യത്തേക്ക് നുഴഞ്ഞു കയറാന്‍ ശ്രമിക്കുന്നതായി കരസേന. 170 ഭീകരരാണു തക്കം പാര്‍ത്തു നിയന്ത്രണ രേഖയില്‍ തമ്പടിച്ചിരിക്കുന്നതെന്നു ജിഒസി ലഫ്. ജനറല്‍ സുബ്രത സാഹ. കശ്മീര്‍ താഴ്വരയിലെ ശക്തമായ മഞ്ഞുവീഴ്ചയും ഭീകരര്‍ക്കു തിരിച്ചടിയായി. അതിര്‍ത്തിയില്‍ സൈന്യം പരിശോധന കര്‍ശനമാക്കിയതായും പട്രോളിങ് ശക്തമാക്കിയതും അദ്ദേഹം അറിയിച്ചു.

Top