കരിപ്പൂര്‍ ആക്രമണത്തില്‍ ‘ഉറങ്ങിപ്പോയത്‌ ‘ മലപ്പുറത്തിന്റെ ‘സ്വന്തം’ ലീഗ് എംപിമാര്‍

കോഴിക്കോട്: രാജ്യത്തെ നടുക്കിയ കരിപ്പൂര്‍ വിമാനത്താവളത്തില്‍ വെടിവെപ്പില്‍ സിഐഎസ്എഫ് സുരക്ഷാ ഭടന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ യാത്രക്കാരുടെയും ജനങ്ങളുടെയും ആശങ്ക അകറ്റാന്‍ കോഴിക്കോട് എംപി എം.കെ രാഘവന്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചപ്പോള്‍ സ്ഥലം എം.പിയും മുന്‍ കേന്ദ്ര വിദേശകാര്യ സഹമന്ത്രിയുമായിരുന്ന ഇ. അഹമ്മദ് അനങ്ങിയില്ല.

വിവരമറിഞ്ഞ ഉടന്‍ കേന്ദ്ര ആഭ്യന്തര സെക്രട്ടറിയുമായി അപ്പപ്പോള്‍ ബന്ധപ്പെട്ട് നടപടികള്‍ എടുപ്പിച്ചത് രാഘവനായിരുന്നു. യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്തിയ ശേഷം വ്യോമയാന വകുപ്പ് അധികൃതരുമായി ബന്ധപ്പെട്ട് നെടുമ്പാശേരിയിലേക്ക് വഴിതിരിച്ചുവിട്ട വിമാനങ്ങളിലെ യാത്രക്കാരെ കോഴിക്കോട്ടെത്തിക്കാന്‍ പ്രത്യേക ബസ് സംവിധാനവും ഒരുക്കി.

എന്നാല്‍ കരിപ്പൂര്‍ വിമാനത്താവള പ്രശ്‌നത്തില്‍ ഇ. അഹമ്മദ് ഇടപെട്ടതേയില്ല. പൊന്നാനി മണ്ഡലത്തിലെ എം.പിയായ ഇ.ടി മുഹമ്മദ് ബഷീറും അനങ്ങിയില്ല. ലീഗിന്റെ രാജ്യസഭാ എം.പി പി.വി അബ്ദുല്‍വഹാബും പ്രശ്‌നത്തില്‍ ഇടപെടാതിരിക്കുമ്പോഴാണ് ബാംഗ്ലൂരിലായിരുന്നിട്ടും രാഘവന്‍ സജീവമായി ഇടപെട്ടത്.

മലപ്പുറം ജില്ലയിലെ കരിപ്പൂരിലെ വിമാനത്താവളത്തില്‍ നടന്ന അനിഷ്ട സംഭവത്തില്‍ ജില്ലയില്‍ നിന്നുള്ള എം.പിമാരുടെ ഇടപെടലുണ്ടാകാത്തത് മുസ്ലീം ലീഗിനകത്തും പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.

എയര്‍പോട്ടിന് തൊട്ടടുത്ത വാഴക്കാട്ടാണ് ഇ.ടി മുഹമ്മദ് ബഷീര്‍ എം.പിയുടെ വസതി. പി.വി അബ്ദുല്‍വഹാബിന്റെ വീട് നിലമ്പൂരിലും. രണ്ടു പേര്‍ക്കും വിമാനത്താവളത്തില്‍ ഓടിയെത്തി പ്രശ്‌നത്തില്‍ ഇടപെട്ട് യാത്രക്കാരുടെയും നാട്ടുകാരുടെയും ആശങ്ക അകറ്റാമായിരുന്നു. എന്നാല്‍ ഇവരാരും ഇതുവഴി തിരിഞ്ഞുനോക്കിയില്ല.

മുസ്ലീം ലീഗിന്റെ ‘കോട്ട’യായി അവകാശപ്പെടുന്ന മലപ്പുറം ജില്ലയില്‍ സ്ഥിതി ചെയ്യുന്ന കരിപ്പൂര്‍ എയര്‍പോര്‍ട്ടിലെ നിയമനങ്ങളിലും മറ്റും ഇടപെടാന്‍ ഓടിയെത്തുന്ന ലീഗ് എംപിമാര്‍ വെടിശബ്ദം കേട്ട് മാളത്തിലൊളിച്ചത് നാട്ടുകാര്‍ക്കിടയിലും ഇപ്പോള്‍ വലിയ സംസാര വിഷയമാണ്.

Top