തിരുവനന്തപുരം: മുസ്ലീം ലീഗുമായി സഹകരിക്കുമെന്ന് പറഞ്ഞ ഇ.പി ജയരാജനെയും മലബാര്‍ സിമന്റ്‌സ് അഴിമതിയില്‍ ആരോപണ വിധേയനായ എളമരം കരീമിനെയും സംരക്ഷിച്ചും വി.എസിനെ പ്രഹരിച്ചും സിപിഎം സെക്രട്ടറിയേറ്റ്.
സമാന്തര പാര്‍ട്ടി നേതൃത്വമായി മാറാനുള്ള വി.എസിന്റെ ശ്രമം വച്ച് പൊറുപ്പിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പരസ്യമായി മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ വച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രമേയമവതിരിപ്പിച്ച് രംഗത്ത് വന്നത്.
അഴിമതിയില്‍ പെട്ട് പിടയുന്ന യുഡിഎഫിന്റെ സംരക്ഷകനായാണ് വിവാദ പ്രസ്താവനകളിലൂടെ വിഎസ് രംഗത്ത് വരുന്നതെന്നും സിപിഎം പ്രമേയത്തില്‍ ആരോപിച്ചു.
സംസ്ഥാന സെക്രട്ടറിയെ പരസ്യമായി വിമര്‍ശിച്ച വി.എസിന്റെ നടപടി ശരിയല്ലെന്നും വലതുപക്ഷ മാധ്യമങ്ങളുടെ നുണ പ്രചാരണങ്ങള്‍ക്ക് വി.എസ് വിശ്വാസ്യത നല്‍കുകയാണെന്നും കോടിയേരി അവതരിപ്പിച്ച പ്രമേയത്തില്‍ കുറ്റപ്പെടുത്തിയിട്ടുണ്ട്.
മലബാര്‍ സിമന്റ്‌സ് മുന്‍ എം.ഡിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ എളമരം കരീമിനെതിരെ ഉയര്‍ന്ന അഴിമതി ആരോപണത്തെയും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് തള്ളിക്കളഞ്ഞു.
സംസ്ഥാനത്തെ മികച്ച വ്യവസായ മന്ത്രിമാരില്‍ ഒരാളാണ് കരീമെന്ന് ചൂണ്ടിക്കാട്ടിയാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആരോപണം തള്ളിക്കളഞ്ഞത്. സിബിഐ അന്വേഷണം ആവശ്യപ്പെടുന്നതിന് മുന്നില്‍ ഗൂഢലക്ഷ്യമാണെന്നും കോടിയേരി ആരോപിച്ചു.
മുസ്ലീംലീഗുമായി ബന്ധപ്പെട്ട് സഹകരണമാകാമെന്ന കേന്ദ്ര കമ്മിറ്റി അംഗം ഇ.പി ജയരാജന്റെ നിലപാട് അദ്ദേഹം തന്നെ തിരുത്തിയതിനാല്‍ ഇനി ചര്‍ച്ചയുടെ ആവശ്യമില്ലെന്നും കോടിയേരി വ്യക്തമാക്കി.
ഗുരുതര ആരോപണമുയര്‍ന്ന രണ്ട് സിപിഎം കേന്ദ്ര കമ്മിറ്റി അംഗങ്ങളെ ശാസിക്കാന്‍ പോലും തയ്യാറാകാതെ വി.എസിനെ മാത്രം ടാര്‍ഗറ്റ് ചെയ്ത് പരസ്യ പ്രമേയമം അവതരിപ്പിച്ച സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് നടപടി രാഷ്ട്രീയ നിരീക്ഷകരെയും സിപിഎം അണികളെയും അത്ഭൂതപ്പെടുത്തിയിട്ടുണ്ട്.
വി.എസിനെതിരായ സംസ്ഥാന നേതൃത്വത്തിന്റെ പരാതിയില്‍ പി.ബി അന്വേഷണ കമ്മീഷന്‍ അന്വേഷണം തുടങ്ങാനിരിക്കെ വിവാദ പ്രമേയവുമായി വീണ്ടും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് രംഗത്ത് വന്നത് സിപിഎം കേന്ദ്ര നേതൃത്വത്തിന് തലവേദനയായിരിക്കുകയാണ്.
ജൂണില്‍ ചേരുന്ന സിപിഎം കേന്ദ്ര കമ്മിറ്റി യോഗം പി.ബി കമ്മീഷന്റെ അന്വേഷണ സംബന്ധമായ കാര്യങ്ങളിലും സംസ്ഥാന സെക്രട്ടറിയേറ്റിന്റെ പുതിയ പ്രമേയവുമായി ബന്ധപ്പെട്ടും നിര്‍ണായക തീരുമാനങ്ങളെടുക്കുമെന്നാണ് സൂചന.
പാര്‍ട്ടി പ്രമേയത്തിനെതിരെ വി.എസ് പരസ്യമായി രംഗത്ത് വരുമോയെന്നാണ് ഇപ്പോള്‍ എല്ലാവരും ഉറ്റുനോക്കുന്നത്.