ബംഗളൂരു: ഹിന്ദു വിരുദ്ധ രചന നടത്തിയെന്നാരോപിച്ച് കര്‍ണാടകയില്‍ ദളിത് വിദ്യാര്‍ത്ഥിയെ ആക്രമിച്ചു. മാധ്യമപഠന വിദ്യാര്‍ത്ഥിയായ ഹുജംഗി പ്രസാദിനാണ് മര്‍ദ്ദനമേറ്റത്.
ഹിന്ദു വിരുദ്ധ രചന തുടര്‍ന്നാല്‍ വിരലുകള്‍ മുറിച്ച് മാറ്റുമെന്ന് ഒരുസംഘം ആളുകള്‍ ഭീഷണിപ്പെടുത്തിയതായി പ്രസാദ് പൊലീസിനോട് പറഞ്ഞു.
ഹൃദയാഘാതത്തെ തുടര്‍ന്ന് അമ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് പറഞ്ഞ് ഒരാള്‍ പ്രസാദിനെ കോളജില്‍ നിന്നും കൂട്ടിക്കൊണ്ട് പോവുകയായിരുന്നു. തുടര്‍ന്ന് പത്തോളം പേര്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചു. ശരീരത്ത് കുങ്കുമം വിതറുകയും ചെയ്തു.
രാജ്യത്ത് ദലിത് വിഭാഗങ്ങളുടെ അവസ്ഥ വ്യക്തമാക്കുന്ന പുസ്തകം ഹുജംഗി പ്രസാദിന്റേതായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. പുസ്തകം പുറത്തിറങ്ങിയത് മുതല്‍ പല തവണ ഭീഷണിക്കത്തുകളും സന്ദേശങ്ങളും ലഭിച്ചിട്ടുള്ളതായും സൂചനയുണ്ട്.
കൊലപാതകശ്രമം ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.