തിരുവവനന്തപുരം: വഴുതക്കാട്ടെ കലാഭവന്‍ തിയേറ്ററിനോട് ചേര്‍ന്ന ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ആസ്ഥാനത്തെ ചിക്കന്‍ ഔട്ട് ലെറ്റ് വിവാദം പുതിയ വഴിത്തിരിവില്‍. തുടക്കം മുതല്‍ ഇതിനെതിരെ കര്‍ശന നിലപാട് എടുത്ത ചെയര്‍മാന്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ഓഫീസ് ഇന്നൊഴിയും. വാടകകെട്ടിടം കണ്ടെത്താന്‍ ചെയര്‍മാന്‍ കോര്‍പ്പറേഷന്‍ എംഡിയോട് ആവശ്യപ്പെട്ടു.
പഴയ ഭരണസമിതിയാണ് പത്ത് വര്‍ഷത്തേക്ക് റോസ്റ്റഡ് ചിക്കന്‍ ഔട്ട് ലെറ്റ് തുടങ്ങാന്‍ ഒരു കമ്പനിക്ക് അനുമതി നല്‍കിയത്.
കോര്‍പ്പറേഷന്‍ ആസ്ഥാനത്തുണ്ടായിരുന്ന സെന്‍സര്‍ ബോര്‍ഡ് ഓഫീസ് ചിത്രാജ്ഞലിയിലേക്ക് മാറ്റി ചിക്കന്‍ ഔട്ട് ലെറ്റിന് അനുമതി നല്‍കിയത് വലിയ വിവാദമായിരുന്നു. 20 ലക്ഷം രൂപ നിക്ഷേപമായി സ്വീകരിച്ച 10 വര്‍ഷത്തേക്കാണ് കരാര്‍. ഭരണസമിതി മാറിയെങ്കിലും കരാര്‍ റദ്ദാക്കുന്നതിലുള്ള സാങ്കേതിക തടസ്സങ്ങള്‍ കാരണം സര്‍ക്കാറിനും ഔട്ട് ലെറ്റിനെതിരെ നിലപാടെടുക്കാനായില്ല.
വഴുതക്കാടിന് സമീപം തന്നെ ഓഫീസിനായി വാടക കെട്ടിടം കണ്ടെത്തണമെന്നാണ് ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ എംഡിയോട് ചെയര്‍മാന്‍ ആവശ്യപ്പെട്ടത്. അതേ സമയം വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പണം കണ്ടെത്താനാണ് കെട്ടിടം വാടക്ക് നല്‍കിയതെന്ന നിലപാടിലാണ് പഴയ ഭരണസമിതി ഉറച്ചുനില്‍ക്കുന്നത്. ഭരണതലപ്പത്തുള്ള പലര്‍ക്കും ഔട്ട് ലെറ്റിനോട് അനുകൂല നിലപാടുള്ളതിലും ഉണ്ണിത്താന് പ്രതിഷേധമുണ്ട്.