ന്യൂഡല്‍ഹി: കല്‍ക്കരിപ്പാടം അഴിമതിക്കേസില്‍ പ്രതി ചേര്‍ത്ത നടപടിക്കെതിരെ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് നിയമനടപടിക്കൊരുങ്ങുന്നു. മേല്‍ക്കോടതിയെ സമീപിക്കാനാണ് തീരുമാനം.
കല്‍ക്കരിപ്പാടം അഴിമതിക്കേസില്‍ കഴിഞ്ഞ ബുധനാഴ്ച മന്‍മോഹന്‍ സിംഗിനെ ഡല്‍ഹിയിലെ പ്രത്യേക സിബിഐ കോടതി പ്രതി ചേര്‍ത്തിരുന്നു. ഏപ്രില്‍ എട്ടിന് നേരിട്ടു ഹാജരാകാനാണ് നിര്‍ദ്ദേശം. മന്‍മോഹനു പുറമേ മുന്‍ കല്‍ക്കരി സെക്രട്ടറി പി.സി പരേഖ്, വ്യവസായി കുമാരമംഗലം ബിര്‍ള എന്നിവരോടും ഹാജരാകാന്‍ നിര്‍ദ്ദേശമുണ്ട്.
പ്രധാനമന്ത്രിയായിരുന്ന മന്‍മോഹന്‍ സിംഗ് 2009ല്‍ കല്‍ക്കരി മന്ത്രാലയത്തിന്റെ ചുമതല വഹിച്ചിരുന്ന സമയത്ത് കുമാരമംഗലം ബിര്‍ളയുടെ ഹിന്‍ഡാല്‍ക്കോ കമ്പനിക്ക് അനധികൃതമായി കല്‍ക്കരിപാടങ്ങള്‍ അനുവദിച്ചെന്നായിരുന്നു കേസ്. ഇടപാടില്‍ 1.86 ലക്ഷം കോടിയുടെ അഴിമതി നടന്നെന്നായിരുന്നു സിഎജിയുടെ കണ്ടെത്തല്‍. ഇതേ തുടര്‍ന്നാണ് സിബിഐ അന്വേഷണം ആരംഭിച്ചത്.
മന്‍മോഹനെ പ്രതി ചേര്‍ത്തതിനെ തുടര്‍ന്ന് അദ്ദേഹത്തിനു പൂര്‍ണപിന്തുണയുമായി കോണ്‍ഗ്രസ് നേതൃത്വം രംഗത്തെത്തിയിരുന്നു. സോണിയാ ഗാന്ധിയുടെ നേതൃത്വത്തില്‍ മന്‍മോഹന്‍സിംഗിന്റെ വസതിയിലെത്തിയായിരുന്നു കോണ്‍ഗ്രസ് പിന്തുണ അറിയിച്ചത്. പ്രശ്‌നത്തെ നിയമപരമായി നേരിടുമെന്ന് സോണിയാ ഗാന്ധി പറഞ്ഞിരുന്നു.
കേസിന്റെ ഭാഗമായി മേല്‍ക്കോടതിയെ സമീപിക്കുന്ന കാര്യം അദ്ദേഹം നിയമവിദഗ്ധരുമായി കൂടിക്കാഴ്ച നടത്തിയതായാണ് സൂചന. മന്‍മോഹന്‍ സിംഗിന്റെ അഭിഭാഷക സംഘത്തിന് കപില്‍ സിബല്‍ നേതൃത്വം നല്‍കും.