ന്യൂഡല്‍ഹി: കല്‍ക്കരിപ്പാടം അഴിമതി കേസില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെ പ്രതിചേര്‍ത്തു. കേസില്‍ മന്‍മോഹന്‍സിംഗ് നേരിട്ടു ഹാജരാകാന്‍ സിബിഐ കോടതി ഉത്തരവിട്ടു.
കേസില്‍ വ്യവാസായി കുമാരമംഗലം ബിര്‍ള, മുന്‍ കല്‍ക്കരി സെക്രട്ടറി പി. സി പരേഖ് എന്നിവരോടും ഹാജരാകാന്‍ നിര്‍ദ്ദേശമുണ്ട്. ക്രിമിനല്‍, ഗൂഢാലോചന കുറ്റമാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. കേസില്‍ ഇവരെ വിചാരണ ചെയ്യണമെന്നും കോടതി നിര്‍ദേശിച്ചു. അടുത്തമാസം എട്ടാം തിയതി ഹാജരാകാനാണ് നിര്‍ദ്ദേശം നല്‍കിയരിക്കുന്നത്.
പ്രധാനമന്ത്രിയായിരിക്കെ 2005 -09 കാലത്ത് കല്‍ക്കരിവകുപ്പിന്റെ അധിക ചുമതലകൂടി മന്‍മോഹന്‍സിംഗ് വഹിച്ചിരുന്നു. ഇക്കാലയളവില്‍ ഹിന്‍ഡാല്‍കോ ഗ്രൂപ്പിന് കല്‍ക്കരിപ്പാടം വിതരണം ചെയ്തതില്‍ ക്രമക്കേടുണ്ടെന്നായിരുന്നു ആരോപണം. 1.86 ലക്ഷം കോടിയുടെ അഴിമതി നടന്നുവെന്ന് സിഎജിയും കണ്ടെത്തിയിരുന്നു. കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ജനുവരിയില്‍ സിബിഐ മന്‍മോഹന്‍ സിംഗിനെ ചോദ്യം ചെയ്തിരുന്നു.