കളമശ്ശേരി ഭൂമി തട്ടിപ്പ്: സലീം രാജ് അധികാര ദുര്‍വിനിയോഗം നടത്തിയതായി സിബിഐ

തിരുവനന്തപുരം: കളമശ്ശേരി ഭൂമി തട്ടിപ്പു കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലീം രാജ് അധികാര ദുര്‍വിനിയോഗം നടത്തിയതായി സിബിഐ.

ആറ് ഭൂമിവില്‍പ്പന കരാറുകളില്‍ സലീംരാജിന്റെ പേരുണ്ടെന്നും കേസിലെ മറ്റു പ്രതികളുമായി ഗുഢാലോചന നടത്തിയെന്നും ഇത് സര്‍ക്കാര്‍ അതിഥി മന്ദിരങ്ങളില്‍ വച്ചായിരുന്നുവെന്നും സിബിഐ കണ്ടെത്തി. സിബിഐ തിരുവനന്തപുരം കോടതിയില്‍ സമര്‍പ്പിച്ച കസ്റ്റഡി റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്.

നേരത്തെ ഈ കേസുമായി ബന്ധപ്പെട്ട് നുണപരിശോധനക്ക് തയ്യാറല്ലെന്ന് സലീംരാജ് കോടതിയെ ബോധിപ്പിച്ചിരുന്നു. ആദ്യം പരിശോധനക്ക് തയ്യാറാണെന്ന് സമ്മതിച്ചതിന് ശേഷമായിരുന്നു പിന്മാറ്റം. കേസുമായി ബന്ധപ്പെട്ട് രേഖാമൂലമുള്ള തെളിവുകള്‍ സിബിഐക്ക് ലഭിച്ചിട്ടുണ്ടെന്നുമാണ് സൂചന.

കടകംപളളി തട്ടിപ്പുകേസില്‍ സലിംരാജ് അടക്കം ഏഴുപേരെ ഇന്നലെയാണ് സിബിഐ തിരുവനന്തപുരത്തു നിന്നും അറസ്റ്റ് ചെയ്തത്. ചോദ്യംചെയ്യലിനായി വിളിച്ചുവരുത്തിയാണ് പ്രതികളുടെ അറസ്റ്റ് സിബിഐ രേഖപ്പെടുത്തിയത്. മുഖ്യമന്ത്രിയുടെ ഗണ്‍മാനായിരിക്കേ ഔദ്യോഗികപദവി ദുരുപയോഗം ചെയ്ത് ഭൂമിതട്ടിപ്പിന് ഒത്താശ ചെയ്തുവെന്നാണ് സലിംരാജിനെതിരെയുളള ആരോപണം.

Top