പാരീസ്: ഫ്രഞ്ച് ഓപ്പണിലെ ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ നിലവിലെ ചാമ്പ്യന്‍ റാഫേല്‍ നദാല്‍ പുറത്തായി. ലോക ഒന്നാം നമ്പര്‍ താരം സെര്‍ബിയയുടെ നൊവാക് ജോക്കോവിച്ച് നദാലിനെ വീഴ്ത്തി സെമിയിലെത്തി.
ഫ്രഞ്ച് ഓപ്പണില്‍ ഒമ്പതുതവണ കിരീടം നേടി റെക്കോര്‍ഡിട്ട നദാലിനെ തുടര്‍ച്ചയായ സെറ്റുകളില്‍(7-5, 6-3, 6-1) നിഷ്പ്രഭമാക്കിയാണ് ജോക്കോവിച്ച് നാലിലൊന്നായി സെമിയിലേക്ക് മുന്നേറിയത്.2009ന് ശേഷം ഇതാദ്യമായാണ് നദാല്‍ ഫ്രഞ്ച് ഓപ്പണില്‍ തോല്‍വിയറിയുന്നത്.
ഫ്രഞ്ച് ഓപ്പണിലെ കഴിഞ്ഞ 70 മത്സരങ്ങളില്‍ നദാലിന്റെ രണ്ടാം പരാജയമാണിത്. അവേശപ്പോരാട്ടം കാത്തിരുന്ന ആരാധകരെ നിരാശരാക്കിയാണ് കളിമണ്‍ കോര്‍ട്ടിലെ രാജകുമാരനായ നദാല്‍ ഇത്തവണ റോളണ്ട് ഗാരോസിനോട് വിടപറയുന്നത്.
ജോക്കോവിച്ചിന്റെ പോരാട്ടവീര്യത്തിന് മുന്നില്‍ ആദ്യസെറ്റില്‍ മാത്രമാണ് നദാലിന് അല്‍പമെങ്കിലും പിടിച്ചുനില്‍ക്കാനായത്. രണ്ടും മൂന്നും സെറ്റുകളില്‍ തീര്‍ത്തും നിറം മങ്ങിയ നദാല്‍ അനായാസം തോല്‍വി വഴങ്ങി. കഴിഞ്ഞ ആറുതവണയും കളിമണ്‍ കോര്‍ട്ടില്‍ നദാലിന് മുന്നില്‍ കീഴടങ്ങിയ ജോക്കോവിച്ചിന്റെ മധുരപ്രതികാരം കൂടിയായി ജയം.
ഫ്രഞ്ച് ഓപ്പണില്‍ കിരീടം നേടിയാല്‍ കരിയറില്‍ എല്ലാം ഗ്രാന്‍സ്ലാം കിരീടങ്ങളും നേടുന്ന (കരിയര്‍ സ്ലാം) എട്ടാമത്തെ പുരുഷതാരമെന്ന അപൂര്‍വ ബഹുമതിയാണ് ജോക്കോവിച്ചിനെ കാത്തിരിക്കുന്നത്.