ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിന്നുള്ള കള്ളപ്പണ നിക്ഷേപങ്ങള്‍ തിരിച്ചു പിടിക്കാന്‍ സുപ്രീം കോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം ശ്രമം ഊര്‍ജിതമാക്കിയതോടെ സ്വിസ്സ് ബാങ്കുകള്‍ മുന്‍ കരുതല്‍ നടപടികള്‍ തുടങ്ങി. ചില ബാങ്കുകള്‍ തങ്ങളുടെ നിക്ഷേപകരുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ നിയമത്തിന്റെ പഴുതുകള്‍ അന്വേഷിക്കുമ്പോള്‍ ശിക്ഷാ നടപടികളില്‍ നിന്ന് രക്ഷപ്പെടാന്‍ പുതിയ ചട്ടങ്ങള്‍ തന്നെ എഴുതിച്ചേര്‍ക്കുകയാണ് മറ്റു
ചിലര്‍.
കള്ളപ്പണ കേസുകളില്‍ നടപടികള്‍ ആരംഭിക്കുമ്പോള്‍ തങ്ങളുടെ നിക്ഷേപകര്‍ക്ക് അപ്പപ്പോള്‍ വിവരങ്ങള്‍ കൈമാറുന്നതിനും ആവശ്യമായ സഹായങ്ങള്‍ നല്‍കുന്നതിനും നിലവിലുള്ള കരാറുകള്‍ ഉപയോഗിക്കാന്‍ സ്വിസ്സ് സര്‍ക്കാര്‍ തയ്യാറാകണമെന്നും ബേങ്കുകള്‍ ആവശ്യപ്പെടുന്നു. ഇന്ത്യയുമായുള്ള സാമ്പത്തിക കരാറുകളുടെ വിശദാംശങ്ങള്‍ പഠിച്ച് നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ സമ്മര്‍ദ സംഘങ്ങളെ തന്നെ ഏല്‍പ്പിച്ചിരിക്കുകയാണ് ബാങ്കുകള്‍.
സര്‍ക്കാറിലുള്ള അവരുടെ സ്വാധീനം പരമാവധി ഉപയോഗിക്കുകയാണ് ലക്ഷ്യം. എന്നാല്‍ ചില ബാങ്കുകളെയും ബാങ്കര്‍മാരെയും സ്വിസ്സ് അധികൃതര്‍ കര്‍ശന നിരീക്ഷണത്തിന് വിധേയമാക്കുകയാണ്. ഇവ കള്ളപ്പണക്കാര്‍ക്ക് വഴിവിട്ട സഹായങ്ങള്‍ ചെയ്യുകയും നിക്ഷേപം ഏത് ഘട്ടത്തിലും സുരക്ഷിതമായിരിക്കുമെന്ന് വാഗ്ദാനം നല്‍കുകയും ചെയ്യുന്നു.
സ്വിറ്റ്‌സര്‍ലാന്‍ഡില്‍ നിന്നുള്ള രണ്ട് ബാങ്കുകള്‍ അടക്കം മൂന്ന് യൂറോപ്യന്‍ ബേങ്കുകള്‍ ഇന്ത്യയിലെ കോര്‍പറേറ്റുകള്‍ അനധികൃതമായി നിക്ഷേപിച്ച തുക അവരുടെ ലിസ്റ്റഡ് കമ്പനികളിലേക്ക് വഴിതിരിച്ചു വിട്ടതായി റിപ്പോര്‍ട്ടുണ്ട്. വിദേശ നിക്ഷേപമായി ഈ കള്ളപ്പണം മാറ്റുകയാണ് ഇതുവഴി ചെയ്തത്. ഇത്തരത്തിലുള്ള രൂപമാറ്റങ്ങള്‍ സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) പ്രത്യേകം അന്വേഷിക്കുന്നുണ്ട്.